അമിത് ഷായുടെ വാക്ക് കേട്ട് ആര്‍എസ്എസുകാര്‍ കളിക്കാന്‍ വന്നാല്‍ അത് വല്ലാത്ത കളിയാകും: മുഖ്യമന്ത്രി

Posted on: October 28, 2018 7:24 pm | Last updated: October 29, 2018 at 7:20 am

പാലക്കാട്: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട പോലീസ് നടപടികള്‍ വിശ്വാസികള്‍ക്കെതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമിയെ വിശ്വാസിയെന്നും അവിശ്വാസിയെന്നും വേര്‍തിരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനലുകളാണ് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. ഇത്തരം ക്രിമിനല്‍ സംഘത്തെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തത് വിശ്വാസികളെയാണെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു.

മാധ്യമപ്രവര്‍ത്തകരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യിപ്പിച്ചു. പ്രത്യേകം റിക്രൂട്ട് ചെയ്യപ്പെട്ടവരാണിവര്‍. അമിത് ഷായുടെ വാക്ക് കേട്ട് ആര്‍എസ്എസുകാര്‍ കളിക്കാന്‍ വന്നാല്‍ അത് വല്ലാത്ത കളിയാകും. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ വലിച്ച് താഴെയിടാനുള്ള തടിയൊന്നും അമിത് ഷാ്ക്കില്ല. അതൊക്കെ അങ്ങ് ഗുജറാത്തിലേ നടക്കൂ. രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഇക്കാര്യത്തില്‍ വിവേകം കാണിക്കണമായിരുന്നു. കേരളത്തിലെത്തുമ്പോള്‍ അമിത് ഷായ്ക്ക് മതിഭ്രമമാണ്. എന്താണ് പറയേണ്ടതെന്ന് അദ്ദേഹം മറന്ന് പോവുകയാണ്. ഇങ്ങനെ കുറച്ച് പ്രാവശ്യം കൂടി കേരളത്തിലെത്തിയാല്‍ ഞങ്ങളുടെ പണി എളുപ്പമാകും.

സന്നിധാനത്ത് അധികസമയം തങ്ങാന്‍ അനുവദിക്കില്ല. ഇത്തരം ക്രമീകരണങ്ങള്‍ ഭക്തരെ സഹായിക്കാന്‍ വേണ്ടിയാണ്. അക്രമത്തിന്റെ വേദിയായി ശബരിമലയെ മാറ്റാന്‍ അനുവദിക്കില്ല. ശബരിമലയില്‍ തെറിയഭിഷേകം നടത്തിയതും അക്രമം കാട്ടിയതും സംഘപരിവാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.