കോഹ്‌ലിക്ക് ഹാട്രിക്ക് സെഞ്ച്വറി; തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Posted on: October 27, 2018 8:39 pm | Last updated: October 28, 2018 at 10:17 am

പൂനെ: ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്നാം സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വെസ്റ്റിന്‍ഡീസിനെതിരിരായ മൂന്നാം ഏകദിനത്തിലും സെഞ്ച്വറി നേടിയാണ് കോഹ്‌ലിനേട്ടം സ്വന്തമാക്കിയത്. ഗുവാഹത്തിയില്‍ നടന്ന ഒന്നാം ഏകദിനത്തിലും (140) വിശാഖപ്പട്ടണത്തിന് നടന്ന രണ്ടാം ഏകദിനത്തിലും (പുറത്താകാതെ 157) കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. ഏകദിനത്തിലെ 38ാം സെഞ്ച്വറിയാണ് കോഹ്‌ലി ഇന്ന് സ്വന്തമാക്കിയത്. തുടര്‍ച്ചയായി മൂന്ന് ഏകദിന സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും കോഹ് ലി സ്വന്തമാക്കി.

തുടര്‍ച്ചയായി നാല് ഏകദിന മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയാണ് ഇനി കോഹ്ലിക്ക് മുന്നിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ കോഹ്ലി ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികച്ചിരുന്നു.

119 പന്തില്‍ പത്ത് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെ 107 റണ്‍സാണ് കോഹ് ലി നേടിയത്. 42ാം ഓവറില്‍ കോഹ് ലിയെ സാമുവല്‍സ് ബൗള്‍ഡാക്കി.