കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ ഖത്തര്‍, കുവൈത്ത് സന്ദര്‍ശനം നാളെ മുതല്‍

Posted on: October 27, 2018 5:51 pm | Last updated: October 27, 2018 at 6:52 pm

ദോഹ: നാലുദിവസത്തെ ഖത്തര്‍, കുവൈത്ത് സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നാളെ ഡൽഹിയിൽ നിന്ന് യാത്രതിരിക്കും. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യം. നാളെയും മറ്റന്നാളും ഖത്തറിലും ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ കുവൈറ്റിലും മന്ത്രി സന്ദര്‍ശനം നടത്തും. ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന സുഷമ സ്വരാജ് അവിടങ്ങളിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും.

വിദേശകാര്യ മന്ത്രി ആയ ശേഷം സുഷമ സ്വരാജ് ആദ്യമായാണ് ഖത്തറില്‍ എത്തുന്നത്. മന്ത്രിയോടൊപ്പം ഉന്നതതല സംഘവുമുണ്ടാകും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനിയുമായി അവര്‍ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മല്‍ സുപ്രധാന കരാറുകളിലും ഒപ്പുവെക്കും.

പ്രകൃതി വാതകത്തിന്റെ നല്ലൊരു പങ്കും ഖത്തറില്‍ നിന്നാണ് ഇന്ത്യ വാങ്ങുന്നത്. അതുകൊണ്ട് തന്നെ മന്ത്രിയുടെ സന്ദര്‍ശനത്തിന് നല്ല പ്രാധാന്യമുണ്ട്.