കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍ ബിജെപിയിലേക്ക്

Posted on: October 26, 2018 2:03 pm | Last updated: October 26, 2018 at 3:16 pm

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന് അച്ചടക്ക നടപടി നേരിടുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജി രാമന്‍ നായര്‍ ബിജെപിയിലേക്ക്. ബി.ജെ.പി ദേശീയ നേതാക്കളുമായി അടക്കം ചര്‍ച്ച നടത്തിയ രാമന്‍ നായര്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് വിട്ടുകൊണ്ടുള്ള പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

ശബരിമല വിഷയത്തില്‍ ബിജെപി എടുത്ത നിലപാടാണ് ശരിയെന്നും അതിനൊപ്പം നില്‍ക്കുമെന്നും രാമന്‍ നായര്‍ പറഞ്ഞു. തന്റെ വിശ്വാസപ്രമാണങ്ങള്‍ സ്വാഗതം ചെയ്യുന്നവര്‍ക്കൊപ്പം പോകും. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് തനിക്ക് ഈ ശിക്ഷയുണ്ടായത്. അതുകൊണ്ട് ശബരിമല വിഷയം ആര് ഉയര്‍ത്തിപ്പിടിക്കുന്നുവോ അവരുമായി ചേര്‍ന്നു പോകും.

ബിജെപി സ്വാഗതം ചെയ്താല്‍ അക്കാര്യം ആലോചിക്കുമെന്നും രാമന്‍ നായര്‍ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെത്തുന്ന ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന.