സാലറി ചലഞ്ച്: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

   
Posted on: October 25, 2018 12:18 pm | Last updated: October 25, 2018 at 4:35 pm

ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അംഗീകരിച്ചു. ഇതുപ്രകാരം വിഷയം തിങ്കളാഴ്ച പരിഗണിക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സാലറി ചലഞ്ച് നിര്‍ബന്ധമായി നടപ്പാക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് അറിയിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതിനേയും കോടതി വിമര്‍ശിച്ചു. ഇത് നിര്‍ബന്ധിത പിരിവല്ലെങ്കില്‍ എന്തിനാണ് വിസമ്മത പത്രം ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ സമര്‍പ്പിച്ച ഹരജി പിരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.