ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ; സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

Posted on: October 25, 2018 10:54 am | Last updated: October 25, 2018 at 4:13 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ദിനകരന്‍ പക്ഷത്തെ 18 എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ
സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എം സത്യനാരായണനാണ് വിധി പുറപ്പെടുവിച്ചത്. ഇതോടെ എടപ്പാടി പളനിസ്വാമി സര്‍ക്കാറിന്് താത്കാലിക ആശ്വാസമായി. സര്‍ക്കാറിന് കേവല ഭൂരിപക്ഷം നഷ്ടമാകില്ല. വിധി തിരിച്ചടിയല്ലെന്നും തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്നും ടിടിവി ദിനകരന്‍ പ്രതികരിച്ചു. എംഎല്‍എമാരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും ദിനകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില്‍ വിശ്വാസമില്ലെന്ന് കാണിച്ച് ഈ എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കി പ്രഖ്യാപിച്ചത്.
സ്പീക്കറുടെ തീരുമാനത്തിനെതിരെ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഭിന്നവിധി പ്രഖ്യാപിച്ചതോടെയാണു തര്‍ക്കം സുപ്രീം കോടതിയിലെത്തിയത്. തുടര്‍ന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി വിധി പറയാന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി എം. സത്യനാരായണനെ നിയോഗിക്കുകയായിരുന്നു.