സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയുടെ വസതിക്ക് സമീപത്ത് നിന്ന് നാല് പേര്‍ പിടിയില്‍- VIDEO

Posted on: October 25, 2018 10:34 am | Last updated: October 25, 2018 at 12:19 pm

ന്യൂഡല്‍ഹി: നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയുടെ വീടിന് സമീപത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ നാല് പേരെ പിടികൂടി. അലോക് വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ ഇവരെ പിടികൂടിയത്. ഒരു കാറില്‍ ഇരിക്കുകയായിരുന്ന ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി പിടികൂടുകയായിരുന്നു. പോലീസിന് കൈമാറിയ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വര്‍മയെ നിരീക്ഷിക്കാനെത്തിയ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇവരെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാറിന് അനഭിമതനായ വര്‍മയെ നിരീക്ഷിക്കാന്‍ നിയോഗിച്ചവരാണ് പിടിയിലായതെന്ന് സംശയിക്കുന്നു.

സി ബി ഐ തലപ്പത്ത് ചേരിപ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയാണ് അലോക് വര്‍മയെ സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. അലോക് വര്‍മയോടും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിനാണ് സി ബി ഐ ഡയറക്ടറുടെ ചുമതല. ചൊവ്വാഴ്ച അര്‍ധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി യോഗത്തിലാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.

ഡയറക്ടറെ മാറ്റി ജോയിന്റ് ഡയറക്ടര്‍ക്ക് ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് രാത്രി തന്നെ പുറത്തിറക്കുകയും ചെയ്തു. നാഗേശ്വര്‍ റാവു സി ബി ഐ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പതിമൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും അലോക് വര്‍മയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്നവരുമാണ്.