Connect with us

Kerala

പ്രതിഷേധ പ്രകടനത്തിനിടെ കുഴഞ്ഞുവീണ കായംകുളം നഗരസഭാ കൗണ്‍സിലര്‍ മരിച്ചു

Published

|

Last Updated

കായംകുളം: കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ ഉന്തുംതള്ളിലും പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെ കുഴഞ്ഞുവീണ കൗണ്‍സിലര്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകനായ പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ വിഎസ് അജയാണ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇന്നലെ ഉച്ചയോടെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിന് ശേഷം ഇടതുമുന്നണി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അജയന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും പുലര്‍ച്ചെ നാല് മണിയോടെ മരിക്കുകയായിരുന്നു.

കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റിരുന്നു.. വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ, എല്‍ ഡിഎഫ് അംഗങ്ങളായ ഷാമില അനിമോന്‍, ജലീല്‍ എസ്.പെരുമ്പളത്ത്, ശശികല, പ്രതിപക്ഷ അംഗങ്ങളായ ഷിജിന നാസര്‍, ഷാനവാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ബസ് സ്റ്റാന്‍ഡിന് സ്ഥലം ഏറ്റടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നത്തിനിടകാക്കിയത്. ഒന്നാമത്തെ അജന്‍ഡയായിട്ടാണ് ബസ് സ്റ്റാന്‍ഡിന് സ്ഥലം ഏറ്റെടുക്കല്‍ വിഷയം ഉള്‍പ്പെടുത്തിയത്. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില അനുമോന്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചതിന് മറുപടി പറയുന്നതിനിടെ യുഡിഎഫ് അംഗങ്ങള്‍ ബഹളം വെച്ച് സംസാരം തടസ്സപ്പെടുത്തി. ഇതിനെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും രംഗത്തെത്തി. തുടര്‍ന്ന് എല്‍ഡിഎഫ്- യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കായംകുളം നഗരപരിധിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Latest