തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയുന്നതിന് മന്ത്രിതല സമിതി

Posted on: October 24, 2018 4:53 pm | Last updated: October 24, 2018 at 5:42 pm

ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍. നിതിന്‍ ഗഡ്കരി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി എന്നിവര്‍ സമിതിയിലെ അംഗങ്ങളായിരിക്കും.

മീടൂ ക്യാമ്പയിലൂടെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നീക്കം. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് നിര്‍ദേശിച്ചു. നിയമഭേദഗതിക്കുളള ചട്ടങ്ങളും പരിഗണിക്കും. മീടു വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സമിതി രൂപവത്കരിച്ചത്.

ജോലിസ്ഥലത്തെ ലൈംഗിക ചൂഷണം തടയുന്നതിനായി 1990ലെ വിശാഖ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് സമിതി പഠിക്കും. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ലൈംഗിക ചൂഷണം തടയുന്നതിന് പര്യാപ്തമാണോയെന്നും അല്ലെങ്കില്‍ നിയമങ്ങള്‍ കര്‍ശമാക്കുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കും.