Connect with us

International

വെസ്റ്റ് ബാങ്ക് ഗ്രാമം കൈയേറാനുള്ള ശ്രമം ഇസ്‌റാഈല്‍ ഉപേക്ഷിച്ചു

Published

|

Last Updated

ടെല്‍അവീവ്: വെസ്റ്റ് ബാങ്കിലെ ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമത്തില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള തീരുമാനം ഇസ്‌റാഈല്‍ മരവിപ്പിച്ചു. ജനവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതോടെയാണ് കുടിയൊഴിപ്പിക്കല്‍ പദ്ധതി മരവിപ്പിക്കാന്‍ ഇസ്‌റാഈല്‍ സന്നദ്ധമായത്. എന്നാല്‍, അനുരഞ്ജന ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കാന്‍ വേണ്ടിയാണ് നടപടി നിര്‍ത്തി വെച്ചതെന്നാണ് ഇസ്‌റാഈലിന്റെ വിശദീകരണം.

കുടിയൊഴിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചതായി കഴിഞ്ഞ ദിവസമാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പാട്ടുപാടിയും നൃത്തംവെച്ചും ആഹ്ലാദാരവങ്ങളോടെയാണ് വാര്‍ത്ത ഫലസ്തീനികള്‍ സ്വീകരിച്ചത്.
എന്നാല്‍, തീരുമാനം താത്കാലികമായി മരവിപ്പിച്ചെങ്കിലും നീക്കം പൂര്‍ണമായും ഉപേക്ഷിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് ഫലസ്തീന്‍ മന്ത്രി വാലിദ് അസ്സാഫ് പ്രതികരിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ബിദൂയിന്‍ ഗ്രാമം പൂര്‍ണമായും പിടിച്ചെടുക്കാനും ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുമായിരുന്നു ഇസ്‌റാഈല്‍ തീരുമാനം. ഇതിനനുകൂലമായി ഇസ്‌റാഈല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കനത്ത പ്രതിഷേധമാണ് പ്രദേശവാസികളില്‍ നിന്നുയര്‍ന്നത്. അതേസമയം തീരുമാനം മരവിപ്പിച്ചത് താത്ക്കാലിക നടപടിയാണെന്നും എത്രയും വേഗം കുടിയൊഴിപ്പിക്കല്‍ പുനരാരംഭിക്കുമെന്നുമാണ് ഇസ്‌റാഈല്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
വെസ്റ്റ്ബാങ്ക് നഗരത്തിലെ മാലിന്യ കൂമ്പാരങ്ങള്‍ക്ക് 12 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തില്‍ 180 ഫലസ്തീനികളാണ് ജീവിക്കുന്നത്. ഇവരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ യൂറോപ്യന്‍ യൂനിയനും ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിട്ടുണ്ട്.