Connect with us

Prathivaram

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ധര്‍മാശുപത്രി

Published

|

Last Updated

മിനി അമ്യൂസ്‌മെന്റ് പാര്‍ക്ക് മാതൃകയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്്, ഇ ഹെല്‍ത്ത് സംവിധാനം, ബാര്‍കോഡുള്ള ഒ പി ചീട്ട്, ശീതീകരിച്ച പ്രൈമറി വെയിറ്റിംഗ് ഏരിയ, വിശ്രമ മുറിയുടെ മുന്നില്‍ നമ്പര്‍ വിവരങ്ങള്‍ക്കായുള്ള എല്‍ ഇ ഡി സ്‌ക്രീന്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ടെലി മെഡിസിന്‍, ഔഷധത്തോട്ടം, ഷീ ടോയ്‌ലറ്റ്… ഒരു സ്വകാര്യ സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രിയിലെ സൗകര്യങ്ങളും സവിശേഷതകളും പരിചയപ്പെടുത്തുകയാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. “ധര്‍മാശുപത്രി” എന്ന നാടന്‍ വിളിയില്‍ പരമാവധി പുച്ഛത്തോടെ കാണുന്ന സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങളാണിത്; ഇടത്തരം സ്വകാര്യ ആശുപത്രികളില്‍ പോലും കാണാത്തവ. അതും നമ്മുടെ മുന്‍ഗണനകളില്‍ ഒരിക്കലും ഇടം പിടിക്കാത്ത വയനാട്ടിലെ വന്യജീവി സങ്കേതത്തിനും ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിനോടും ചേര്‍ന്ന് നില്‍ക്കുന്ന നാലില്‍ മൂന്ന് ഭാഗവും വനത്തോടും വന്യ ജീവികളോടും പൊരുതി ജീവിക്കുന്ന 45 ശതമാനം ആദിവാസികള്‍ താമസിക്കുന്ന കൊച്ചു ഗ്രാമമായ നൂല്‍പ്പുഴയിലാണ് ഈ “സൂപ്പര്‍ സ്‌പെഷ്യാലിറ്റി” പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. സര്‍ക്കാറാശുപത്രികളെ കുറിച്ചുള്ള ചിത്രങ്ങളെയെല്ലാം പൊളിച്ചെഴുതുന്നു ഈ കേന്ദ്രം.

ഞെട്ടിക്കും സൗകര്യങ്ങള്‍
മൂന്ന് വര്‍ഷം മുമ്പ് വരെ കാര്യമായ ആളനക്കമില്ലാതെ കിടന്ന ആശുപത്രിയിലിപ്പോള്‍ ദിവസേന 250ലധികമാളുകളാണ് ചികിത്സക്കെത്തുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായി ഇ- ഹെല്‍ത്ത് സംവിധാനം ആരംഭിച്ചത് ഇവിടെയാണ്. ചികിത്സക്കെത്തുന്ന എല്ലാ രോഗികളുടെയും കുടുംബത്തിലുള്ളവരുടെയും രോഗങ്ങളടക്കമുള്ള സമ്പൂര്‍ണ ആരോഗ്യവിവരങ്ങള്‍ ഇ- ഹെല്‍ത്ത് വഴി രജിസ്റ്റര്‍ ചെയ്ത് ഡിജിറ്റല്‍ സര്‍വര്‍ സംവിധാനത്തിലൂടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നു. ഈ രീതിയില്‍ രോഗികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന കേരളത്തിലെ ആദ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രം കൂടിയാണിത്. എല്ലാവര്‍ക്കും പ്രത്യേകം തിരിച്ചറിയല്‍ നമ്പറും നല്‍കും. വീണ്ടും ചികിത്സക്കെത്തുമ്പോള്‍ ഈ നമ്പര്‍ മാത്രം നല്‍കിയാല്‍ മതി. രോഗിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഡോക്ടര്‍ക്ക് മുമ്പിലുള്ള സിസ്റ്റത്തില്‍ ലഭിക്കും. രോഗികള്‍ക്ക് നല്‍കുന്നത് രജിസ്റ്റര്‍ ചെയ്ത ബാര്‍കോഡോട് കൂടിയ ഒ പി ചീട്ടാണ്. അതുകൊണ്ട് തന്നെ വരി നിന്ന് മുഷിയേണ്ടതില്ല. പകരം ശീതീകരിച്ച പ്രൈമറി വെയിറ്റിംഗ് ഏരിയയില്‍ വിശ്രമിക്കാം. വിശ്രമ മുറിയുടെ മുന്നിലെ എല്‍ ഇ ഡി സ്‌ക്രീനില്‍ നമ്പര്‍ തെളിയുന്നതിനനുസരിച്ച് രോഗിക്ക് ഡോക്ടറെ കാണാം. ഡോക്ടറെ കാണുന്നതിന് മുമ്പ് പ്രാഥമിക പരിശോധനക്ക് വിളിക്കുമ്പോള്‍ കൗണ്ടറില്‍ ഭാരവും ഉയരവും പ്രഷറുമൊക്കെ പരിശോധനക്ക് വിധേയമാക്കുകയും വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും ചെയ്യും. ശേഷം ഡോക്ടറുടെ ചേമ്പറിലെത്തുന്ന രോഗിയെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ കമ്പ്യൂട്ടറിലൂടെ ഡോക്ടര്‍ മനസ്സിലാക്കും. കുറിപ്പടി പ്രകാരം നല്‍കുന്ന മരുന്നുകളും പരിശോധനാ വിവരങ്ങളും ഡോക്ടര്‍ അപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ രേഖപ്പെടുത്തും. അമ്പതോളം പരിശോധനകള്‍ നടത്താന്‍ സൗകര്യമുള്ള 30 ലക്ഷം രൂപ ചെലവഴിച്ച് സംവിധാനിച്ച അത്യാധുനിക ലാബ് പ്രവര്‍ത്തിക്കുന്നു. സാനിറ്ററി നാപ്കിനുകള്‍ നിക്ഷേപിക്കുന്നതിനും സംസ്‌കരിക്കുന്നതിനും സൗകര്യമുള്ള ഷീ ടോയ്‌ലറ്റുകളുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് രോഗിയെ റഫര്‍ ചെയ്യേണ്ട സാഹചര്യത്തില്‍ അവിടേക്ക് കൊണ്ടു പോകാതെ വിദഗ്ധ ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചികിത്സിക്കാനും മരുന്ന് നല്‍കാനുമുള്ള ടെലി മെഡിസിന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സാധാരണ ലേബര്‍ റൂമുകള്‍ ഉണ്ടാവാറില്ല. എന്നാല്‍ ഇവിടെ അത്യാസന്ന സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ അഞ്ച് ലക്ഷം രൂപ മുടക്കി ആധുനിക സംവിധാനം ഒരുക്കി. കോഫി കൗണ്ടറും കോമ്പൗണ്ടിന് അലങ്കാരമായി ആശുപത്രിയിലെ ജീവനക്കാര്‍ നട്ടുപിടിപ്പിച്ച ഔഷധത്തോട്ടവുമുണ്ട്. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലി ചേരുവകളായ പൂവാം കുറിഞ്ഞി, കറ്റാര്‍വാഴ, തഴുതാമ, ബ്രഹ്മി, കയ്യോന്നി, കുറുന്തോട്ടി, ആടലോടകം, കൃഷ്ണ തുളസി, കാന്താരി മുളക്, മുത്തിള്‍ തുടങ്ങിയ ഔഷധ ചെടികളുടെ പേരുകളെഴുതിവെച്ച് ഔഷധത്തോട്ടമാക്കി വളര്‍ത്തിയിരിക്കുന്നു.

ഒരുങ്ങുന്നു, പ്രസവ വീടും
ഇലക്ട്രിക് ഓട്ടോറിക്ഷയും
ഡോ. ദാഹര്‍ മുഹമ്മദും ഗ്രാമപഞ്ചായത്തും ആരോഗ്യകേന്ദ്രത്തില്‍ നടപ്പാക്കാന്‍ മുന്നില്‍ കണ്ട മറ്റൊരാശയമാണ് പ്രസവ വീടും ഇലക്ട്രിക് ഓട്ടോറിക്ഷയും. പ്രസവമടുക്കുന്ന ആദിവാസി സ്ത്രീകളെ താമസിപ്പിച്ച് അവര്‍ക്ക് വേണ്ട പരിചരണങ്ങള്‍ നല്‍കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള “പ്രസവ വീട് ” പദ്ധതി ഉടന്‍ ആരംഭിക്കും. പ്രസവ തീയതിക്ക് ഒരാഴ്ച മുമ്പ് കോളനികളിലെത്തി ഗര്‍ഭിണികളെയും കൂട്ടിരിപ്പിനുള്ള ബന്ധുക്കളെയും പ്രസവ വീടുകളിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ആവശ്യമായ പരിചരണം നല്‍കും. പ്രസവമടുക്കുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റും. രോഗികളെ ബസ് സ്റ്റോപ്പില്‍ നിന്ന് ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടു വിടാനുമാണ് “ഇലക്ട്രിക് ഓട്ടോറിക്ഷ”.

ഡോ. ദാഹര്‍ മുഹമ്മദ്

മാറ്റങ്ങളുടെ തുടക്കം
ഈ ഡോക്ടറില്‍ നിന്ന്
ഒരു കാലത്ത് മറ്റ് ധര്‍മാശുപത്രികളെ പോലെ തന്നെയായിരുന്നു നൂല്‍പ്പുഴയിലെ ഈ കേന്ദ്രവും. സര്‍ക്കാറാശുപത്രികളുടെ എല്ലാ പോരായ്മകളുമുള്ള വാടക മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കേന്ദ്രം. 2016ല്‍ ഡോ. ദാഹര്‍ മുഹമ്മദ് മെഡിക്കല്‍ ഓഫീസറായി വന്നതോടെയാണ് നൂല്‍പ്പുഴ പി എച്ച് സിയുടെ തലവര തിരുത്തപ്പെടുന്നത്. മലപ്പുറം തിരൂരിലെ നിറംമരത്തൂര്‍ വലിയപീടിയേക്കല്‍ തറവാട്ടില്‍ നിന്നും ഒരുപിടി സ്വപ്‌നങ്ങളുമായാണ് ഡോ.വി പി ദാഹര്‍ മുഹമ്മദ് ചുരം കയറിയത്. ഒരു രോഗിയെ നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യണമെങ്കില്‍ ഒന്നര മണിക്കൂറും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മൂന്നര മണിക്കൂറും യാത്ര ചെയ്യണ്ടിവരുന്ന ദുരവസ്ഥക്ക്, എന്തുകൊണ്ട് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിക്കൂടാ എന്ന ചോദ്യവും ഈ യുവ ഡോക്ടറെ ചിന്തിപ്പിച്ചു. ഡോക്ടര്‍ തയ്യാറാക്കി സമര്‍പ്പിച്ച പദ്ധതികള്‍ക്കെല്ലാം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍ കുമാറും ഭരണസമിതിയും നാട്ടുകാരും സമ്പൂര്‍ണ പിന്തുണ നല്‍കിയതോടെ കേന്ദ്രത്തിന്റെ മുഖച്ഛായ തന്നെ മാറി. 2016-18 കാലയളവില്‍ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ഒന്നര കോടിയിലധികം രൂപയാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി പഞ്ചായത്ത് ചെലവഴിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരുമടങ്ങുന്ന 40 അംഗ സംഘം ഒറ്റക്കെട്ടായി ഇവിടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇന്ത്യയിലെ തന്നെ ഒന്നാമത്തെ പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ദേശീയ പദവി കൈവരിക്കാനുമായി. ഡോക്ടര്‍മാരായ ലിപ്‌സി പോള്‍, ജിപ്‌സി, മെഴ്‌സി, സിബി, സജ്‌ന എന്നിവരുള്‍പ്പെട്ട അഞ്ചംഗ സംഘവും ഡോ. ദാഹര്‍ മുഹമ്മദിനൊപ്പം കര്‍മ രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആരോഗ്യ മന്ത്രി കെ കെ ഷൈലജ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു.

“നല്ല ചൗകര്യവും പെരുമാറ്റവും ചികിത്സയും ഇബടന്ന് ഞമ്മക്ക് കിട്ട്ണണ്ട്”. ചികിത്സക്കെത്തുന്ന നെന്‍മേനി ആദിവാസി കോളനിയിലെ വെള്ളച്ചി അമ്മയും മുത്തങ്ങ കോളനിയിലെ ചോപ്പയും നായ്ക്കട്ടി പണിപ്പുരക്കല്‍ കോളനിയിലെ കുമാരിയുമൊക്കെ ഇങ്ങനെയാണ് പറയുന്നത്. ഇന്ത്യയില്‍ ഗുണനിലവാരമുള്ള ആശുപത്രികള്‍ കണ്ടെത്താന്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷനില്‍ 100ല്‍ 98 മാര്‍ക്ക് നേടിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ നൂല്‍പ്പുഴയിലെ ഈ ആതുരാലയം രാജ്യത്ത് ഒന്നാമതെത്തിയിരിക്കുന്നത്. മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡോ. ദാഹര്‍ മുഹമ്മദ് എസ് വൈ എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് പ്രൊഫഷനല്‍ ഫോറത്തിന്റെ സെനറ്റ് മെമ്പര്‍ കൂടിയാണ്.
.

Latest