എന്‍ഡി തിവാരിയുടെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിച്ചിരിച്ച് യോഗി ആദിത്യനാഥ്; വ്യാപക വിമര്‍ശനം- VIDEO

Posted on: October 22, 2018 4:34 pm | Last updated: October 22, 2018 at 8:23 pm

ലക്‌നൗ: മുതിര്‍ന്ന ബിജെപി നേതാവും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുടെ മൃതദേഹത്തിന് സമീപം പൊട്ടിച്ചിരിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എന്‍ഡി തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചപ്പോഴാണ് ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡന്‍, യുപി മന്ത്രിമാരായ മൊഹ്‌സിന്‍ റാസ, അശുതോഷ് ടന്‍ഡന്‍ എന്നിവര്‍ക്കൊപ്പം യോഗി ആദിത്യനാഥ് പൊട്ടിച്ചിരിയില്‍ ഏര്‍പ്പെട്ടത്.

മന്ത്രിമാരോട് യോഗി ആദിത്യനാഥ് എന്തോ ചര്‍ച്ച ചെയ്യുന്നതും തുടര്‍ന്ന് എല്ലാവരും പൊട്ടിച്ചിരിക്കുന്നതുമാണു വിഡിയോയിലുള്ളത്.
തിവാരിയുടെ മൃതദേഹത്തിന് തൊട്ടടുത്താണ് യോഗിയും കൂട്ടരും ഇരുന്നിരുന്നത്. യോഗി ആദിത്യനാഥിന്റേയും മന്ത്രിമാരുടേയും അനവസരത്തിലുള്ള പൊട്ടിച്ചിരിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തി.