ഫാര്‍മസിസ്റ്റുകളെ നിയമിക്കണം

Posted on: October 22, 2018 10:34 am | Last updated: October 22, 2018 at 10:34 am

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഫാര്‍മസിസ്റ്റുകള്‍ ഇല്ലാത്തത് മരുന്നു വിതരണത്തെ ബാധിക്കുകയാണ്. ജീവനക്കാരുടെ കുറവ് മൂലം രോഗികള്‍ മരുന്നുകള്‍ക്കായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയുണ്ട് പല ആശുപത്രികളിലും. മറ്റ് സംസ്ഥാനങ്ങളിലും ഫാര്‍മസി സ്റ്റുകളുടെ കുറവുണ്ടെങ്കിലും അവിടങ്ങളില്‍ യോഗ്യരായവരെ ആവശ്യത്തിന് ലഭിക്കാത്തതു കൊണ്ടാണ് നിയമിക്കാത്തത്. എന്നാല്‍ കേരളത്തില്‍ മതിയായ യോഗ്യതയോടെ ജോലിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ നിരവധിയാണ്.

ജില്ലാ ആശുപത്രികളില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും താത്കാലികക്കാരെ നിയമിച്ചും നിലവിലുള്ള ഫാര്‍മസിസ്റ്റിന് അധിക ചുമതല നല്‍കിയുമാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. മെഡിക്കല്‍ കോളജുകളിലും സ്ഥിതി ഭിന്നമല്ല. ഫാര്‍മസിസ്റ്റുകളുടെ 42 ഒഴിവുകളുണ്ട് മെഡിക്കല്‍ കോളജുകളില്‍. ഓരോ ജില്ലയിലും ഓരോ സ്‌റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ വേണമെന്നാണ് ചട്ടമെങ്കിലും രണ്ട് ജില്ലകളില്‍ മാത്രമാണ് ഓഫീസറുള്ളത്. മെഡിക്കല്‍ സ്‌റ്റോറിന്റെ ചുമതലക്കായി ആശുപത്രികളില്‍ സ്‌റ്റോര്‍ സൂപ്രണ്ട് വേണമെന്നാണ് ചട്ടം. മിക്ക ആശുപത്രികളിലും ഈ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. ആയിരത്തിലധികം രോഗികള്‍ എത്തുന്ന താലൂക്ക് ആശുപത്രികളില്‍ പോലും മരുന്ന് നല്‍കാനും മരുന്നുകളുടെ കണക്കുകള്‍ തയ്യാറാക്കാനും ഒരു ഫാര്‍മസിസ്റ്റ് മാത്രമാണുള്ളത്.

കാലവര്‍ഷത്തോടനുബന്ധിച്ചു പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ച് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമ്പോഴും നിലവിലുള്ള സംവിധാനത്തില്‍ തന്നെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട സ്ഥിതിയാണ്.
ആര്‍ദ്രം പദ്ധതി പ്രകാരം 171 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയശേഷം ഫാര്‍മസിസ്റ്റുകളുടെ കുറവ് പൂര്‍വോപരി രൂക്ഷമായിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തിസമയം പകല്‍ ഒമ്പത് മുതല്‍ രണ്ട് വരെയാണെങ്കില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളുടേത് പകല്‍ ഒമ്പത് മുതല്‍ ആറുവരെയാണ്. ഇതോടെ ജോലിസമയം ഇരട്ടിയോളമായെങ്കിലും പലയിടങ്ങളിലും കൂടുതല്‍ ഫാര്‍മസിസ്റ്റുകളെ നിയമിച്ചിട്ടില്ല. ആര്‍ദ്രം മിഷന്റെ ഭാഗമായി 150 ഫാര്‍മസിസ്റ്റുകളുടെ (ഗ്രേഡ് 2) തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അത് ഫയലില്‍ ഉറങ്ങുന്നു. .

1961ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ളത്. ഇതനുസരിച്ചാണ് ഇപ്പോഴും നിയമനം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ഒരു ഫാര്‍മസിസ്റ്റ് വീതം മാത്രമേയുള്ളൂ. രോഗികളുടെ എണ്ണം അന്നുണ്ടായിരുന്നതിന്റെ പല മടങ്ങ് വര്‍ധിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി നല്‍കുന്ന മരുന്നുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇതിനനുസൃതമായി ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നില്ല. സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിച്ചു ഫാര്‍മസിസ്റ്റ് തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും 150ല്‍ കൂടുതല്‍ ഒ പിയുള്ള സ്ഥാപനങ്ങളില്‍ രണ്ട് ഫാര്‍മസിസ്റ്റുകളെയെങ്കിലും നിയമിക്കണമെന്നുമാണ് കേരള ഗവണ്‍മെന്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. 400 മുതല്‍ അറുനൂറോളം മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട് ആശുപത്രികളില്‍. ഇതിന് ചുരുങ്ങിയത് മൂന്ന് പേരെങ്കിലും വേണം. ആശുപത്രികള്‍ രോഗീ സൗഹൃദമാക്കാന്‍ ഡോക്ടറുടെയും നേഴ്‌സിന്റെയും എണ്ണം കൂട്ടിയ സര്‍ക്കാര്‍ ഫാര്‍മസിസ്റ്റുകളുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ഏറണാകുളം ഒഴികെയുള്ള ജില്ലകളിള്‍ ഫാര്‍മസിസ്റ്റുകളുടെ പി എസ് സി ലിസ്റ്റുമുണ്ട്. പക്ഷേ നിയമനം നടക്കുന്നില്ല.

ഡോക്ടറുടെ സാന്നിധ്യത്തില്‍ നഴ്‌സുമാര്‍ക്കും മരുന്നുനല്‍കാമെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ വാക്കാലുള്ള ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇതടിസ്ഥാനത്തില്‍ പല സ്ഥലങ്ങളിലും നഴ്‌സുമാരാണ് മരുന്നു നല്‍കുന്നത്. ഫാര്‍മസിസ്റ്റല്ലാത്തവര്‍ മരുന്ന് വിതരണം ചെയ്യരുതെന്ന 2015ലെ ഹൈക്കോടതി വിധിയോടെ ഇത് ഏറെ കുറഞ്ഞിട്ടുണ്ട്. ഫാര്‍മസി മേഖലയില്‍ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നത് വ്യാപകമാവുകയും ഇത് ഗുരതര പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി ഫാര്‍മസിസ്റ്റുകള്‍ കോടതിയെ സമീപിച്ച അടിസ്ഥാനത്തിലാണ് കോടതി വിധി വന്നത്. 1948ലെ ഫാര്‍മസി നിയമം, 1945ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമം, ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്‍സ് 2015 എന്നിവ പ്രകാരവും യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകള്‍ മാത്രമേ ജീവന്‍രക്ഷാ ഔഷധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. എങ്കിലും ചില ഘട്ടങ്ങളില്‍ ഇപ്പോഴും നഴ്‌സുമാരെ വിതരണ ചുമതല ഏല്‍പിക്കാറുണ്ട്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന പല താത്കാലിക ആശുപത്രികളിലും മരുന്നു വിതരണം നടത്തിയിരുന്നത് നഴ്‌സുമാരായിരുന്നു.