ഉംറ, ഹജ്ജ് തീര്‍ഥാടകര്‍ക്ക് ചരിത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സഊദി പദ്ധതി നടപ്പാക്കുന്നു

Posted on: October 21, 2018 8:03 pm | Last updated: October 21, 2018 at 8:03 pm

ദമ്മാം: ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കു സഊദിയില്‍ വിവിധയിടങ്ങളിലുള്ള ചരിത്ര പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ടൂറിസം പദ്ധതി നടപ്പാക്കുന്നതിനു സഊദിയിലെ പ്രമുഖ കമ്പനിയായ ജബല്‍ ഉമറുമായി ടൂറിസം പുരാവസ്തു അതോററ്റി ധാരണയിലെത്തി. തീര്‍ത്ഥാടകര്‍ക്കു മക്കയിലും മദീനയിലും വിവിധ സേവനങ്ങള്‍ ലഭ്യമാക്കല്‍, സഊദിയിലെ മറ്റിടങ്ങളില്‍ സന്ദര്‍ശിക്കുന്നതിനു യാത്ര, താമസ സൗകര്യങ്ങള്‍ ഒരുക്കല്‍, വിദേശ സ്ഥാപനങ്ങളുമായി ധാരണയിലെത്തല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ക്കാണ് ജബല്‍ ഉമര്‍ കമ്പനിയുമായി ധാരണയിലെത്തിയത്.

സഊദിക്കു പുറത്ത് നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയിലെവിടേയും സന്ദര്‍ശിക്കുന്നതിനു അവസരം നല്‍കുന്ന പരിഷ്‌കാരം പ്രാബല്ല്യത്തില്‍ വന്നതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ അസീസ് വസാന്‍ നേരത്തെ അറിയിച്ചിരുന്നു. സഊദിയില്‍ എവിടേയും സന്ദര്‍ശിക്കുന്നതിനു ഉംറ വിസ കാലാവധി പതിനഞ്ച് ദിവസത്തില്‍ നിന്നും മുപ്പത് ദിവസം വരേ നീട്ടി നല്‍കും. പതിനഞ്ച് ദിവസ കര്‍മ്മങ്ങള്‍ക്കായി മക്ക, മദീന നഗരങ്ങളിലും,പതിനഞ്ച് ദിവസം സൗദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും. ആവശ്യമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ വിസ നീട്ടി നല്‍കും.

ഇക്കഴിഞ്ഞ ഉംറ സീസണില്‍ 63 ലക്ഷത്തിലേറെ പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉംറ തീര്‍ത്ഥാടനത്തിനെത്തിയത്. ഈവര്‍ഷം എണ്‍പത് ലക്ഷം തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിക്കാന്‍ എത്തി ച്ചേരുമെന്നാണ് പ്രതീക്ഷ.