ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി പമ്പയില്‍

Posted on: October 20, 2018 3:14 pm | Last updated: October 20, 2018 at 7:31 pm

പമ്പ: ശബരിമല ദര്‍ശനം നടത്താന്‍ പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയില്‍. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ മഞ്ജുവാണ് മലകയറാനായി കാത്തുനില്‍ക്കുന്നതെന്നാണ് വിവരം.

നിലവിലെ സാഹചര്യം പോലീസ് യുവതിയോട് വിശദീകരിച്ചെങ്കിലും പിന്‍മാറാന്‍ ഇവര്‍ തയ്യാറായിട്ടില്ല. വിശ്വാസിയായ താന്‍ വ്രതമെടുത്ത് ഇരുമുടിക്കെട്ടേന്തിയാണ് വന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ശനിയാഴ്ച രണ്ട് യുവതികള്‍ മല കയറാനെത്തിയെങ്കിലും പോലീസുമായുള്ള ചര്‍ച്ചക്ക് ശേഷം ഇതില്‍ ഒരാള്‍ തിരിച്ചുപോകാന്‍ തയ്യാറായെങ്കിലും ചാത്തന്നൂര്‍ സ്വദേശിനി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകയായ കവിത ജെക്കാലയും മലയാളി ആക്ടിവിസ്റ്റായ രഹ്ന ഫാത്വിമയും ശബരിമല പ്രവേശനത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങേണ്ടിവന്നു.