ഐജി ശ്രീജിത്തിന്റെ പേരില്‍ കേസെടുക്കണമെന്ന് ചെന്നിത്തല; ‘മുഖ്യമന്ത്രി വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നു’

Posted on: October 19, 2018 12:03 pm | Last updated: October 19, 2018 at 3:56 pm

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പോയ യുവതിയെ പോലീസ് യൂനിഫോം ധരിപ്പിച്ചതില്‍ ഐജി ശ്രീജിത്തിനെതിരെ കേസെടുക്കണമെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് ആക്ടിന്റെ ലംഘനമാണുണ്ടായിരിക്കുന്നതെന്നും യൂനിഫോം ധരിച്ചവരുടെ പേരിലും കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രണ്ടായിരം രൂപ പിഴയോ ഇവ രണ്ടും കൂടെയോ ലഭിക്കാവുന്ന കുറ്റമാണിത്. സ്ഥിതിഗതികള്‍ ആളിക്കത്തിക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേയും ബിജെപിയുടേയും ആര്‍എസ്എസിന്റേയും. തുടക്കം മുതല്‍ തന്നെ പ്രശ്‌നം വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്തരമൊരു വിധി സര്‍ക്കാര്‍ വിധി ചോദിച്ചുവാങ്ങുകയായിരുന്നു. വിധി നടപ്പാക്കുന്നതില്‍ പക്വതയാര്‍ന്ന സമീപനമുണ്ടായില്ല.

മുഖ്യമന്ത്രി വര്‍ഗീയത വളര്‍ത്താനുള്ള ശ്രമം നടത്തുകയാണ്. അത് ശരിയല്ല. റിവ്യൂ ഹരജി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. റിവ്യൂ ഹരജി നല്‍കാന്‍ തീരുമാനിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ വിരട്ടാനുള്ള എന്ത് സാഹചര്യമായിരുന്ന സര്‍ക്കാറിനുണ്ടായിരുന്നതന്ന് ചെന്നിത്തല ചോദിച്ചു.