ശബരിമല ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ്; അഴിഞ്ഞാടാന്‍ അനുവദിക്കില്ല- മന്ത്രി ജയരാജന്‍

Posted on: October 17, 2018 7:56 pm | Last updated: October 17, 2018 at 7:56 pm

തിരുവവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ ശബരിമലയിലും പരിസരങ്ങളിലും നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസ് ക്രിമിനലുകളാണെന്നും ശബരിമലയില്‍ അഴിഞ്ഞാടാന്‍ ഇവരെ അനുവദിക്കില്ലെന്നും മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം കേസെടുക്കും.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കൈയേറ്റം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. ആര്‍ എസ് എസ് ക്രിമിലനലുകളുടെ ആക്രമണത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. മാധ്യമപ്രവര്‍ത്തരുടെ വാഹനങ്ങളും കെ എസ് ആര്‍ ടി സി ബസുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനല്ല വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് എത്തിയതെന്നറിഞ്ഞിട്ടും വനിതാ മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചാണ് മര്‍ദിച്ചത്.

തങ്ങള്‍ പറയുന്നതേ റിപ്പോര്‍ട്ട് ചെയ്യുന്നതേ റിപ്പോര്‍ട്ട് ചെയ്യാവൂ എന്ന് പറഞ്#ായിരുന്നു മര്‍ദനം.ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സുഖകരമായ പാതയൊരുക്കുന്നതിന് പകരം സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ തടഞ്ഞുവെച്ച് ആക്രമിച്ച് വിശ്വാസം തട്ടപ്പെടുത്തുന്ന കാഴ്ചയാണ് ഇന്നലെ ശബരിമലയില്‍ കണ്ടത്. വളരെ കാലമായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ശബരിമലയില്‍ അക്രമം സൃഷ്ടിക്കുന്നതിലൂടെ സംഘ്പരിവാര്‍ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യമിടുന്നത്. വിശ്വാസികളെ തടങ്കലില്‍ വെച്ച് രാഷ്ട്രീയക്കളിയാണ് സംഘ്പരിവാര്‍ ശബരിമലയില്‍ നടപ്പാക്കുന്നത്.

ഇക്കാര്യത്തില്‍ ആര്‍ എസ് എസിന്റെ അജണ്ട വിശ്വാസികളും ജനാധിപത്യ വിശ്വാസികളും തിരിച്ചറിയണം. അതേസമയം സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇഅത് നടപ്പിലാക്കുക മാത്രമെ സര്‍ക്കാര്‍ ചെയ്യുന്നത്. സംഘ്പരിവാറിന്റെ ഹീനമായ ആക്രമങ്ങള്‍ക്കെതിരെ വിശ്വാസികള്‍ സംഘടിതമായി രംഗത്തുവരുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആവശ്യമായ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും മന്ത്രി ജയരാജന്‍ വ്യക്തമാക്കി.