ശബരിമല നട ഇന്ന് തുറക്കും; നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

Posted on: October 17, 2018 5:52 am | Last updated: October 17, 2018 at 10:25 am

പത്തനംതിട്ട: സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുറത്തുവന്നതിന് ശേഷം ആദ്യമായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് തുലാമാസ പൂജകള്‍ക്കായി നട തുറക്കുന്നത്. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്ദര്‍ശനത്തിന് സ്ത്രീകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയിലും പരിസരത്തും അതീ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസിനെയും വിന്യസിച്ചു. 21 വരെയാണ് തുലാമാസ പൂജകള്‍.

അതിനിടെ, നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇന്നലെ വൈകീട്ടോടെ ശബരിമലയിലേക്ക് യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു സംഘം വിശ്വാസികള്‍ ഇവിട നിലയുറപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ദമ്പതികളെ ഇവര്‍ തടഞ്ഞത് ചൊവ്വാഴ്ച രാത്രി സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഇവരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പ്രതിഷേധക്കാര്‍ പിടിച്ചുതള്ളുന്ന സാഹചര്യവുമുണ്ടായി. പോലീസ് എത്തിയാണ് ദമ്പതികളെ തിരിച്ച് വാഹനത്തില്‍ കയറ്റിയത്. ഇതിനിടെ പോലീസും വിശ്വാസികളും തമ്മിലും ഏറ്റുമുട്ടലുണ്ടായി. ശേഷം ഭക്തതെ തടയാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബുധനാഴ്ച പുലര്‍ച്ചെയും നിലയ്ക്കലില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ തടയുന്നുണ്ട്.

ശബരിമലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ എത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

പമ്പയില്‍ തന്ത്രികുടുംബത്തിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രാര്‍ഥനാ സമരം നടക്കുന്നുണ്ട്. രാവിലെ ഒന്‍പതിനാണ് സമരം.