ശബരിമല: വിധിയെ നിയമനിര്‍മാണം കൊണ്ട് മറികടക്കാനാകില്ല: മുഖ്യമന്ത്രി

Posted on: October 16, 2018 7:44 pm | Last updated: October 17, 2018 at 6:05 am

തിരുവനന്തപുരം: ശബരിമലയില്‍ സത്രീപ്രവേശന അനുവദിച്ച സുപ്രീം കോടതി വിധിയെ നിയമനിര്‍മാണം കൊണ്ടോ ഓര്‍ഡിനന്‍സ് കൊണ്ടോ മറികടക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിധിയുടെ മറവില്‍ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ വിശ്വാസികള്‍ അടക്കമുള്ളവര്‍ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് എല്‍ഡിഎഫ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശമാണ് മതനിരപേക്ഷത. വിശ്വാസികള്‍ക്കും വിശ്വാസത്തിനും സര്‍ക്കാര്‍ പോറലേല്‍പ്പിച്ചിട്ടില്ല. സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല. സ്ത്രീക്ക് പുരുഷനെപോലെ ആരാധനാ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ശബരിമല വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആചാരങ്ങൾ ചിലത്‌ ലംഘിക്കാൻ കൂടിയുള്ളതാണെന്നാണ്‌ അയ്യങ്കാളിയും ശ്രീനാരായണഗുരുവും പഠിപ്പിച്ചത്‌. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്‌ഠയും അയ്യങ്കാളിയുടെ വില്ലുവണ്ടി സമരവും ആചാരലംഘനങ്ങളായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായാണ്‌ ഇത്തരം ദുരാചാരങ്ങളെല്ലാം മാറിയത്‌. അതിന്‌ ശക്തമായ തുടർച്ചയിവിടെയുണ്ടായി. കർഷക‐തൊഴിലാളി പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനവും ഈ നവോത്ഥാനധാരയെ ഉൾക്കൊണ്ടു മുന്നോട്ടുപോയതാണ്‌ ഈ നാടിനെ മാറ്റിയത്‌. – മുഖ്യമന്ത്രി പറഞ്ഞു.