അഴിമതിയില്‍ ഇന്ത്യക്ക് വളര്‍ച്ച

Posted on: October 15, 2018 8:42 am | Last updated: October 15, 2018 at 10:27 am

കൈക്കൂലി തടയാന്‍ രാജ്യത്ത് നിയമങ്ങളുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ നല്‍കരുതെന്നും വിജിലന്‍സിനെ അറിയിക്കണമെന്നും ഫോണ്‍ നമ്പറുള്‍പ്പെടെയുള്ള അറിയിപ്പുകള്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപിച്ചിട്ടുണ്ട്. 1998ല്‍ പാര്‍ലിമെന്റ് അംഗീകരിച്ച അഴിമതിവിരുദ്ധ നിയമം കൈക്കൂലി ഉള്‍പ്പെടെയുള്ള അഴിമതികള്‍ തടയാന്‍ പര്യാപ്തമല്ലെന്ന അഭിപ്രായത്തില്‍, സര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയുടെ അഴിമതി വിരുദ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു പുതിയൊരു നിയമം ആവിഷ്‌കരിക്കുകയും കഴിഞ്ഞ ജൂലൈ 19ന് രാജ്യസഭ അത് അംഗീകരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തിനു നിയമപരമായി സ്വീകരിക്കാവുന്ന ശമ്പളമല്ലാതെ വാങ്ങുന്ന ആനുകൂല്യങ്ങള്‍ കൈക്കൂലിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന പ്രസ്തുത ബില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കു മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് നിര്‍ദേശിക്കുകയും ചെയ്യുന്നു.

എന്നാല്‍, ഇതുകൊണ്ടൊന്നും രാജ്യത്തെ കൈക്കൂലിയെന്ന മഹാവ്യാധിക്ക് യാതൊരു ശമനവുമില്ലെന്നാണ് ‘ടാന്‍സപെരന്‍സി ഇന്റര്‍നാഷനല്‍ ഇന്ത്യ ആന്റ് ലോക്കല്‍ സര്‍ക്കിള്‍’ നടത്തിയ ഏറ്റവും പുതിയ സര്‍വെ വിളിച്ചോതുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യസാധ്യത്തിനെത്തിയ പൗരന്മാരില്‍ 56 ശതമാനം പേര്‍ക്കും കൈക്കൂലി നല്‍കേണ്ടിവന്നുവെന്നും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് പതിനൊന്ന് ശതമാനം കൂടുതലാണെന്നുമാണ് സര്‍വേയില്‍ വ്യക്തമായത്. പോലീസുകാരാണ് കൈക്കൂലി വാങ്ങുന്നതില്‍ മുന്‍പന്തിയില്‍. 2017ല്‍ കൈക്കൂലി വാങ്ങിയവരില്‍ 30 ശതമാനം പേരും പോലീസുകാരാണ്. മുനിസിപ്പല്‍ കോര്‍പറേഷന്‍സ്, വസ്തു രജിസ്‌ട്രേഷന്‍, വൈദ്യുതി ബോര്‍ഡ്, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ടാക്‌സ് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരില്‍ കൈക്കൂലിക്കാരുടെ ശതമാനം 25ആണ്. 39 ശതമാനം പേര്‍ നേരിട്ടു തന്നെ കൈക്കൂലി വാങ്ങുമ്പോള്‍ 25 ശതമാനം ഏജന്റുമാര്‍ വഴിയാണ് സ്വീകരിക്കുന്നത്. കൈക്കൂലി തടയാനായി പല ഓഫീസുകളിലും സി സി ടി വി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ നോക്കുകുത്തികളാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. 2017 ജൂലൈയില്‍ ഏഷ്യയില്‍ ഏറ്റവും അധികം അഴിമതി നടക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടിക ടാന്‍സപെരന്‍സി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയായിരുന്നു. പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയില്‍ സ്‌കൂള്‍, ആശുപത്രി, പോലീസ്, അവശ്യ സേവനം എന്നിങ്ങനെ പൊതുസേവന മേഖലകളില്‍ പകുതിയില്‍ അധികം പേരും കൈക്കൂലി നല്‍കുന്നുണ്ടെന്നും സര്‍വേ കാണിക്കുന്നു.

അഴിമതി ക്രിമിനല്‍ കുറ്റമാണെന്ന് മാത്രല്ല, മറ്റു കുറ്റകൃത്യങ്ങളേക്കാള്‍ കൂടുതല്‍ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തോട് ജനങ്ങളില്‍ രോഷവും അതൃപ്തിയും വിരക്തിയും ഉളവാക്കാന്‍ ഇത് ഇടയാക്കും. അഴിമതി തടയുന്നതിന് വിജിലന്‍സ് പോലെയുള്ള സംവിധാനങ്ങളും അഴിമതിവരുദ്ധ നിയമങ്ങളും കൊണ്ടു വരുന്നുവെന്നതല്ലാതെ, അവ ഫലപ്രദമായി നടപ്പാക്കുന്നതില്‍ ഭരണകൂടത്തിന് തന്നെ ആത്മാര്‍ഥതയില്ലെന്നതാണ് അഴിമതി വ്യാപിക്കാന്‍ കാരണം. ഭരണ രംഗത്തെ പ്രമുഖനോ ഉദ്യോഗസ്ഥനോ എതിരെ അഴിമതി ആരോപിക്കപ്പെടുകയും ജനരോഷം ശക്തമാവുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അന്വേഷണങ്ങള്‍ കേവലം പ്രഹസനങ്ങളായി മാറുകയാണ് പതിവ്. ജനവികാരം തണുപ്പിക്കാനുള്ള അടവ് എന്നതിലുപരി കുറ്റക്കാരെ ശിക്ഷിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹം മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമില്ല. അത്തരം അനധികൃത സമ്പാദന മാര്‍ഗങ്ങളെ രഹസ്യമായി അവര്‍ പിന്തുണക്കുകയും ചെയ്യുന്നു. കാര്യസാധ്യത്തിന് ആരെങ്കിലും കൈക്കൂലി വാഗ്ദാനം ചെയ്താല്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അത് വാങ്ങണമെന്നാണല്ലോ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടി നേതാവ് ഹഗ്രാമ മൊഹിലാരി ഇതിനിടെ പരസ്യമായി പ്രസ്താവിച്ചത്. നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉള്ളിലിരിപ്പാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. പലരും അത് പുറത്തു പറയാന്‍ മടിക്കുന്നുവെന്നു മാത്രം.

രാഷ്ട്രീയം മുച്ചൂടും ഇന്ന് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതു തൊട്ടു അതിന്റെ എല്ലാ തലങ്ങളിലും അഴിമതി നടമാടുന്നു. തിരഞ്ഞെടുപ്പാണെങ്കില്‍ ചെലവേറിയ ഒരു പ്രക്രിയയാണിന്ന്. ഒരു കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിന് പോലും ലക്ഷങ്ങള്‍ പൊടിപൊടിക്കണം. വളഞ്ഞ മാര്‍ഗേനയാണ് ഇതിനൊക്കെ പണം കണ്ടെത്തുന്നത്. അഴിമതിയുടെ പ്രയോജകരാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പൊതുവില്‍. ഇതാണ് ഈ സാമൂഹിക തിന്മ തഴച്ചുവളരുന്നതിന് വളക്കൂറുള്ള മണ്ണായി രാജ്യത്തെ മാറ്റിയതും. പൊതുവേദികളില്‍ എന്തൊക്കെ പ്രഖ്യാപനങ്ങള്‍ നടത്തിയാലും അഴിമതി വിപാടനത്തിനുള്ള ശ്രമങ്ങളെ രാഷ്ട്രീയക്കാര്‍ മനസാ അനുകൂലിക്കില്ലെന്നു മാത്രമല്ല, അത്തരം ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുകയും ചെയ്യും.

ബാഹ്യ സമ്മര്‍ദമോ ഇടപെടലോ കൂടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അഴിമതിവിരുദ്ധ നിരീക്ഷണ സംവിധാനങ്ങള്‍ രാജ്യത്തില്ലെന്നതും കൈക്കൂലിയുടെ വ്യാപനത്തിന് ഇടവരുത്തുന്നു. സി ബി ഐയും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുമെല്ലാം കൂട്ടിലടച്ച തത്തകളാണ്. ഭരണതലത്തില്‍ നിന്നുള്ള ഇടപെടലുകള്‍ അവയുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു. ബാര്‍ കോഴക്കേസില്‍ ഇത് പ്രകടമായതാണ്. അഥവാ അഴിമതിവിരുദ്ധ വേട്ടയില്‍ ആരെങ്കിലും അകപ്പെടുന്നുണ്ടെങ്കില്‍ അത് ചെറുമീനുകള്‍ മാത്രം. കൊമ്പന്‍ സ്രാവുകള്‍ പല വിധ സ്വാധീനങ്ങളാലും രക്ഷപ്പെടും. നമ്മുടെ ജീര്‍ണിതമായ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ സമൂലമായ മാറ്റങ്ങള്‍ വന്നാലല്ലാതെ ഈ സാമൂഹിക വിപത്ത് തുടച്ചു മാറ്റാനാകില്ല.