Connect with us

Cover Story

ഇങ്ങനെയും ഒരാള്‍...

Published

|

Last Updated

നിഴലുപോലെ പിന്നാലെയുള്ള മരണത്തെ തടയാനോ എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കാനോ മനുഷ്യന് സാധിക്കില്ല. പക്ഷേ, മരണത്തിന് ശേഷം ശരീരത്തെ മാന്യമായി കൈകാര്യം ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളും മതങ്ങളുമൊക്കെ ജീവിതത്തിന്റെ പ്രധാന ഭാഗമായ നമ്മുടെ നാട്ടില്‍ മൃതദേഹ സംസ്‌കരണത്തിനും വിവിധങ്ങളായ മാര്‍ഗങ്ങളാണുള്ളത്. എങ്ങനെയായാലും മാന്യമായ രീതിയില്‍ സംസ്‌കരിക്കപ്പെടുകയെന്നത് മൃതദേഹങ്ങളുടെ അവകാശമാണ്. അതിന് അജ്ഞാതമെന്നോ അവകാശികളുള്ളതെന്നോ വ്യത്യാസമില്ല. മൃതദേഹങ്ങള്‍ സൂക്ഷിക്കാനും സംസ്‌കരിക്കാനും സര്‍ക്കാര്‍തലത്തില്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍, തെരുവുകളിലോ ജലാശയങ്ങളിലോ റെയില്‍വേ ട്രാക്കുകളിലെ മറ്റിടങ്ങളിലോയൊക്കെ അനാഥമായിക്കിടക്കുന്ന മൃതദേഹങ്ങള്‍ സ്വന്തം കൂടപ്പിറപ്പിന്റെതെന്നപോലെ കൈകാര്യം ചെയ്യാന്‍ സാധാരണ പലരും തുനിയാറില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ അവ ഏറ്റെടുത്ത് ചെയ്യട്ടെയെന്ന മനോഭാവത്തോടെ കാഴ്ചക്കാരുടെ റോളിലായിരിക്കും പലപ്പോഴും നമ്മളെല്ലാം പെരുമാറുക. പോലീസ് വരട്ടെ, നടപടിക്രമങ്ങള്‍ നടത്തട്ടെയെന്ന “തടിയൂരല്‍” സിദ്ധാന്തത്തിന്റെ വക്താക്കളാകും നാം. പല തരത്തിലുള്ള മൃതദേഹങ്ങളെ യാതൊരു വൈമനസ്യവും കൂടാതെ ഇരുകൈകളും കൊണ്ട് നെഞ്ചോട് ചേര്‍ത്തുപിടിച്ച് സ്വന്തം വാഹനത്തിലേക്ക് കയറ്റി ആശുപത്രി മോര്‍ച്ചറിയിലെത്തിക്കുന്ന ആളെ നാം എന്ത് വിളിക്കും? മോര്‍ച്ചറിയില്‍ കിടക്കുന്ന മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്തിയില്ലെങ്കില്‍ മുറപോലെ സംസ്‌കരിക്കുന്ന ആളാണെങ്കിലോ? സന്നദ്ധ സംഘടനയുടെയോ ട്രസ്റ്റിന്റെയോ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ മേല്‍വിലാസത്തിലല്ലാതെ ഏകാംഗ സേവനം നടത്തുന്ന ആള്‍ കൂടിയാകുമ്പോഴോ? ഔപചാരിക വിദ്യാഭ്യാസത്തിന്റെയോ പബ്ലിസിറ്റി സ്റ്റണ്ടിന്റെയോ ആടയാഭരണങ്ങളൊന്നുമില്ലെങ്കിലോ? ഇങ്ങനെയൊരാളാണ് മൈസൂരിലെ ശക്തിനഗറില്‍ താമസിക്കുന്ന അയ്യൂബ് അഹ്മദ് എന്ന 38കാരന്‍. സാധാരണ ടാക്‌സി ഡ്രൈവര്‍. പക്ഷേ, സേവന മേഖല അസാധാരണത്വം ചാര്‍ത്തിക്കൊടുത്തയാള്‍. യു എ ഇയില്‍ അശ്‌റഫ് താമരശ്ശേരിയുടെ സേവനങ്ങളോട് സാമ്യം ഇതിനുണ്ട്. യു എ ഇയില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍, മലയാളിയോ ഫിലിപ്പീനിയോ ആഫ്രിക്കക്കാരനോ ആരുമാകട്ടെ, നാട്ടിലെത്തിക്കാന്‍ വേണ്ടതെല്ലാം വര്‍ഷങ്ങളായി ചെയ്യുന്നയാളാണ് അശ്‌റഫ് താമരശ്ശേരി.

നിമിത്തമായത്
ആ ബസ് യാത്ര
ഇരുപത് വര്‍ഷമായി അയ്യൂബ് ഈ സേവനം നിഷ്ഠ പോലെ ചെയ്യാന്‍ തുടങ്ങിയിട്ട്. ദിവസങ്ങള്‍ പഴക്കമുള്ളതും വെള്ളത്തില്‍ കിടന്ന് അഴുകിയതും വാഹനമിടിച്ച് വികൃതമായതും തീപ്പൊള്ളലേറ്റതും തുടങ്ങി മരണത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ പേറിയ അനാഥ ദേഹങ്ങള്‍ യാതൊരു മടിയും കൂടാതെ ചുമന്നെടുത്ത് മോര്‍ച്ചറിയിലെത്തിക്കുകയും മുറപ്രകാരം മറവ് ചെയ്യുകയുമാണ് അയ്യൂബിന്റെ രീതി. ജാതിയോ മതമോ നാടോ മറ്റ് മാനദണ്ഡങ്ങളോ ഈ സേവനത്തിന് അയ്യൂബിന് തടസ്സമാകാറില്ല. മൈസൂരു നഗരത്തില്‍ ടാക്‌സി ഡ്രൈവറായ അയ്യൂബ് അഹ്മദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് എത്തിച്ചുകൊടുത്താണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തികച്ചും സൗജന്യ സേവനമായിരുന്നു ഇത്.

അയ്യൂബിന്റെ സേവനങ്ങളെ സംബന്ധിച്ച് ഉറുദു പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

മൈസൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉറ്റവരും ഉടയവരുമില്ലാത്തവരുടെ മൃതദേഹങ്ങള്‍ കാണുമ്പോള്‍ അയ്യൂബിലെ മനുഷ്യത്വം ഉണരും. അജ്ഞാത മൃതദേഹം എന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആ വിവരം ആദ്യം തേടിയെത്തുക അയ്യൂബിനെയാണ്. ഒരു നിമിഷം പോലും ചിന്തിച്ചുനില്‍ക്കാതെ മൃതദേഹങ്ങള്‍ സ്വന്തം ചെലവില്‍ കൊണ്ടുപോയി സംസ്‌കരിക്കും.
20 വര്‍ഷം മുമ്പുണ്ടായ അനുഭവമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് അയ്യൂബ്. ഒരു കാര്‍ വാങ്ങാനായി ബസില്‍ ഗുണ്ടല്‍പേട്ടിലേക്ക് പോവുകയായിരുന്നു. വഴി മധ്യേ നഞ്ചന്‍ഗുഡ് ബണ്ടിപ്പാളയയില്‍ റോഡരികില്‍ ഒരു അനാഥ മൃതദേഹം കിടക്കുന്നതും ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതും കാണാനിടയായി. 10 മണിക്കൂറിന് ശേഷം അയ്യൂബ് മടങ്ങിവരുമ്പോഴും ആ മൃതദേഹം അവിടെ നിന്ന് നീക്കം ചെയ്യാനോ സംസ്‌കരിക്കാനോ ആരും തയ്യാറായില്ല. അതുകണ്ട് അയ്യൂബിന്റെ നെഞ്ച് പിടച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ജീവനുണ്ടായിരുന്ന ഒരു ശരീരമാണല്ലോ ഇങ്ങനെ ഈച്ചയാര്‍ത്ത് അനാഥമായി കിടക്കുന്നത് എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. മനസ്സിലെ ആ വേദന ഒരു തീരുമാനമായി പരിണമിച്ചു. അന്ന് മുതല്‍ക്കാണ് അനാഥ മൃതദേഹങ്ങള്‍ക്ക് കൂട്ടാകാന്‍ അയ്യൂബ് തീരുമാനിച്ചത്.
നിര്‍ധന കുടുംബത്തില്‍ പിറന്ന അയ്യൂബിന് രണ്ടാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നു. മികച്ച വിദ്യാഭ്യാസം നേടാന്‍ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത മൂലം സാധിക്കാതെ വരികയായിരുന്നു. സേവനം ചെയ്യാന്‍ തുടങ്ങിയ കാലത്ത് കുടുംബത്തില്‍ നിന്ന് പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അപ്പേരില്‍ അന്ന് വീട്ടില്‍ നിന്ന് ഇറങ്ങി ബെംഗളൂരുവിലെത്തി. അവിടെയൊരു ജല ശുദ്ധീകരണ പ്ലാന്റില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. അയ്യൂബിന്റെ സേവനങ്ങളെ സംബന്ധിച്ച് അറിയാനിടയായ പ്ലാന്റ് ഉടമ ഒരു തുക സമ്മാനമായി നല്‍കി. അതുമായി ലാല്‍ബാഗിലെത്തിയ അയ്യൂബ് കാണുന്നത് ഒരു അജ്ഞാത മൃതദേഹം തെരുവില്‍ കിടക്കുന്നതാണ്. തുടര്‍ന്ന് പോലീസിനെ വിളിച്ച് സുരക്ഷിതമായി മൃതദേഹം കൈമാറി. പിന്നീട് വീണ്ടും മൈസൂരിലെത്തി മൃതദേഹ സംരക്ഷണ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

സന്നദ്ധ സംഘടനയുടെ ആദരിക്കല്‍ ചടങ്ങില്‍ നിന്ന്‌

സംസ്‌കരിച്ചത് പതിനായിരത്തോളം മൃതദേഹങ്ങള്‍
ഖുര്‍ആന്‍ ആണ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയതെന്നും നന്മയും മനുഷ്യത്വവും മുറുകെപ്പിടിക്കാന്‍ പ്രചോദനം നല്‍കിയെതന്നും അയ്യൂബ് പറയുന്നു. വര്‍ഷങ്ങളായി ചെയ്ത് വരുന്ന ഈ സേവനം തന്നിലര്‍പ്പിതമായ നിയോഗമായാണ് അയ്യൂബ് നോക്കിക്കാണുന്നത്. താന്‍ ചെയ്യുന്നത് വലിയ കാര്യമാണെന്ന ബോധ്യമുണ്ടെങ്കിലും പബ്ലിസിറ്റിയില്‍ താത്പര്യമില്ല. നഗരത്തില്‍ എവിടെയെങ്കിലും അനാഥ മൃതശരീരങ്ങള്‍ കണ്ടാല്‍ ജനങ്ങള്‍ ഇപ്പോള്‍ ആദ്യം വിളിക്കുന്നത് അയ്യൂബിനെയാണ്. അതുകൊണ്ട് തന്നെ ആറ് മൊബൈല്‍ ഫോണുകളാണ് അദ്ദേഹം ഉപയോഗിച്ചുവരുന്നത്. സമയത്തിന്റെ പരിധിയില്‍ തളച്ചിടുന്ന സേവനമല്ല അയ്യൂബിന്റെത്. രാപ്പകല്‍ വ്യത്യാസമില്ലാതെ 24 മണിക്കൂറും അയ്യൂബ് ഈ രംഗത്ത് കര്‍മനിരതനാണ്. ഏത് സമയവും വിളിക്കാം. ദീര്‍ഘകാലമായി കൊണ്ടുനടക്കുന്ന തന്റെ പഴയ അംബാസഡര്‍ കാറുമായി അദ്ദേഹം ഓടിയെത്തും. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നത് ഈ കാറാണ്. അവ സംസ്‌കരിക്കുന്നതിന് അയ്യൂബ് ആരോടും പ്രതിഫലം ചോദിക്കാറില്ല. എല്ലാം സ്വന്തം ചെലവില്‍. മരിച്ചയാളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സഹായകമാകും എന്ന ലക്ഷ്യത്തോടെ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും. കണക്കുകള്‍ കൃത്യമായി ഓര്‍മയിലില്ലെങ്കിലും 20 വര്‍ഷത്തിനിടെ പതിനായിരത്തോളം അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട് ഈ യുവാവ്. അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്‌കരിക്കുന്ന കര്‍മത്തില്‍ അവസാനിക്കുന്നില്ല അയ്യൂബിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ വ്യാപ്തി. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ നഗരത്തില്‍ അലഞ്ഞുതിരിയുന്ന പാവപ്പെട്ടവര്‍ക്ക് സ്വന്തം ചെലവില്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കലും മുടക്കമില്ലാതെ അയ്യൂബ് ചെയ്ത് വരുന്നുണ്ട്.

ഇനി വേണ്ടത്
ഒരു ആംബുലന്‍സ്
മൈസൂരു ആര്‍ട്ട് ഗ്യാലറിയില്‍ ഈയടുത്ത് അയ്യൂബിനെ പങ്കെടുപ്പിച്ച് നടത്തിയ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാനും അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനം കാണാനും പതിനായിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം ശാന്തി നഗറിലെ വാടക വീട്ടിലാണ് അയ്യൂബിന്റെ താമസം. ബഷീര്‍ അഹ്മദ്- സാജിദ ബാനു ദമ്പതികളുടെ മകനാണ്. ഭാര്യ: റൂഹ തബസം. മക്കള്‍: ഹാദിയ മറിയം, ദുസ്‌റി ബീബി ആഇഷ. അയ്യൂബും ഭാര്യയും പാവപ്പെട്ടവര്‍ക്കായി മറിയം ടൈലറിംഗ് എന്ന പേരില്‍ സൗജന്യതയ്യല്‍ പരിശീലന ക്ലാസും നടത്തിവരുന്നുണ്ട്. കൂടുതല്‍ ആളുകള്‍ തന്റെ പ്രവര്‍ത്തന മേഖല പിന്തുടരണമെന്ന ആഗ്രഹമാണ് അയ്യൂബിനുള്ളത്. സര്‍ക്കാറിന്റെയും സുമനസ്സുകളായ വ്യക്തികളുടെയും സാമ്പത്തിക സഹായത്തോടെ സ്വന്തമായി ആംബുലന്‍സ് വാങ്ങുക ലക്ഷ്യമാണെന്ന് അയ്യൂബ് പറയുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള അംബാസഡര്‍ കാറിലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്. ഇത് ഇന്ധനച്ചെലവ് കൂട്ടുന്നതിന് ഇടയാക്കുകയാണ്. വര്‍ധിച്ചുവരുന്ന ചെലവ് ലഘൂകരിക്കാനാണ് സ്വന്തമായി ആംബുലന്‍സ് വാങ്ങണമെന്ന ആഗ്രഹം അയ്യൂബിലുണ്ടായത്. പ്രവര്‍ത്തന മേഖല വിപുലമാക്കാന്‍ ആംബുലന്‍സിലൂടെ സഹായകമാകും. അയ്യൂബ് അഹ്മദിന്റെ നമ്പര്‍: 9900400719, 9886 384 017.
.

---- facebook comment plugin here -----

Latest