കണ്ണാണ്, കരുതണം

Posted on: October 14, 2018 10:40 pm | Last updated: October 16, 2018 at 10:10 pm

‘കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുക’ എന്നാണല്ലോ പറയാറ്. കണ്ണിന്റെ കാര്യത്തില്‍ എത്രത്തോളം കരുതലുണ്ടാകണമെന്ന് കൂടിയുണ്ട് ആ പറഞ്ഞതില്‍. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ സമയം കര്‍ത്തവ്യനിരതമായിക്കൊണ്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന് വിശ്രമമുള്ള സമയമെപ്പോഴാണ്? എന്നാല്‍ അതിനനുസരിച്ചുള്ള ഒരു പരിഗണന നാം കണ്ണിന് നല്‍കുന്നുണ്ടോ? ഇല്ലെന്നാണ് ‘കണ്ണില്ലെങ്കിലറിയാം കണ്ണിന്റെ വില’ എന്ന പഴമൊഴി തന്നെ പറഞ്ഞുതരുന്നത്. ആത്യാധുനിക സൗകര്യങ്ങള്‍ ശരീരത്തിന് പൊതുവെ വിശ്രമവും എളുപ്പവും നല്‍കിയെങ്കിലും കണ്ണിന്റെ കാര്യം മറിച്ചാണ്. അതിന് ഭാരം കൂടി. സാമൂഹിക മാധ്യമങ്ങള്‍ തന്നെ ഉദാഹരണം.

തലയോട്ടിയുടെ മുന്‍വശത്ത് ഓര്‍ബിറ്റ് എന്ന പ്രത്യേകം രണ്ട് ദ്വാരങ്ങളിലാണ് കണ്ണുകളുടെ സ്ഥാനം. പുരികങ്ങളും കണ്‍പീലികളും കണ്‍പോളകളും പൊടിപടലങ്ങളെയും മറ്റ് വസ്തുക്കളെയും തടയുന്നു. ഇവ അകത്തു പ്രവേശിച്ചാല്‍ കണ്ണുനീര്‍ ഗ്രന്ഥി കണ്ണുനീര്‍ ഒഴുകി അവയെ കഴുകിക്കളയുന്നു. കണ്ണുനീരിലെ lisozyme എന്ന ദ്രാവകളം പ്രാണികളെയും മറ്റും കൊന്നുകളയുന്നു. ആയുര്‍വേദ ചികിത്സാ സമ്പ്രദായത്തില്‍ കണ്ണുകളെയും രോഗങ്ങളെയും ചികിത്സാ രീതികളെയും പ്രതിപാദിക്കുന്നത് ശാലാകടതന്ത്രം വിഭാഗത്തിലാണ്.

ജീവിതശൈലിയിലുണ്ടായ മാറ്റവും ഐ ടി പോലെ മാനസിക സമ്മര്‍ദവും ഉറക്കക്കുറവുമുണ്ടാക്കുന്ന ജോലികളും ഡയബറ്റിക് റെറ്റിനോപ്പതി, ഡ്രൈ ഐ തുടങ്ങിയ നേത്രരോഗങ്ങളുടെ തോത് വര്‍ധിപ്പിച്ചിരിക്കുന്നു. പ്രാരംഭഘട്ടത്തില്‍ ചികിത്സ തേടുന്നവര്‍ക്ക് കണ്ണടയുടെ ഉപയോഗം ഒഴിവാക്കാനും അല്ലാത്തവര്‍ക്ക് ഒരു പരിധിവരെ കാഴ്ചശക്തി വീണ്ടെടുക്കാനും ആയുര്‍വേദ ചികിത്സയിലൂടെ സാധിക്കുന്നതാണ്.

ചക്ഷുശ്യങ്ങളായ ത്രിഫല, പടോലാദി തുടങ്ങിയ ഔഷധങ്ങള്‍ കൊണ്ടുള്ള നെയ്യ്, ചൂര്‍ണം, കഷായം എന്നിവ കഴിക്കുക; പുറമെ ചെയ്യുന്ന അഞ്ജനം (കണ്ണില്‍ മരുന്നെഴുതുക), ആശ്‌ചോദനം (തുള്ളിമരുന്ന് ഒഴിക്കുക), സേകം (കഷായമോ യോജ്യമായ മറ്റ് ഔഷധങ്ങളോ ഉപയോഗിച്ച് കണ്ണ് കഴുകുക), ബിടാലകം (കണ്ണിന് പുറമെ പുരട്ടുക), മുഖലേപം (യോജിച്ച ദ്രാവകത്തില്‍ ചൂര്‍ണം ചേര്‍ത്ത് മുഖത്ത് ലേപനം ചെയ്യുക), ജലൗകാവചരണം എന്നിവ കാഴ്ചക്കുറവിനും മറ്റ് നേത്രരോഗങ്ങള്‍ക്കും നല്‍കി വരുന്ന പ്രധാന ചികിത്സാരീതികളാണ്.

പോളക്കുരുവിന് പടോലാദി നെയ്യിന്റെ സേവയും മുക്കാദി പുറംപടയുടെ ലേപനവും ഫലപ്രദമാണ്. കോര്‍ണിയല്‍ അള്‍സറിനും വൈവര്‍ണ്യത്തിനും മുദ്ഗാഞ്ജനം (ചെറുപയര്‍, ശംഖഭസ്മം, തേന്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അഞ്ജനം) ഗുണം ചെയ്യും.

സാധാരണയായി കണ്ടുവരുന്ന പോളക്കുരു, ചെങ്കണ്ണ്, തിമിരം, കാഴ്ചക്കുറവ് എന്നിവക്കും നേത്രരൂക്ഷത/ ശുഷ്‌കാക്ഷി (dry eye), നക്താന്ത്യം (night blindness), കോര്‍ണിയയിലുണ്ടാകുന്ന വ്രണം (corneal ulcer) തുടങ്ങിയവക്കും ഫലപ്രദമായ ആയുര്‍വേദ ചികിത്സ ലഭ്യമാണ്.
ആയുര്‍വേദപ്രകാരം ശരിയായ രീതിയിലല്ലാത്ത ഉറക്കം (ഉറക്കമൊഴിയുക, അമിതമായി ഉറങ്ങുക, സമയം തെറ്റി ഉറങ്ങുക), സൂക്ഷ്മനിരീക്ഷണം, മാനസിക സമ്മര്‍ദം, എരിവ് പുളി തുടങ്ങിയവയുടെ അമിതോപയോഗം, വേഗധാരണം, ബാഷ്പനിഗ്രഹം, പുകവലി എന്നിവയൊക്കെ നേത്രരോഗങ്ങള്‍ക്ക് കാരണമാകുന്നവയാണ്.

ഇക്കാലത്ത് മുതിര്‍ന്നവരിലെന്ന പോലെ ചെറിയ കുട്ടികളിലും കാഴ്ചക്കുറവ് വര്‍ധിച്ചുവരുന്നുണ്ട്. കുരുന്നുകളില്‍ കാഴ്ച വൈകല്യത്തിന്റെ ശതമാനത്തിലും വലിയ വര്‍ധനയുണ്ട്. ദൃശ്യമാധ്യമങ്ങളുടെയും മൊബൈല്‍ ഫോണ്‍, ടാബ് തുടങ്ങിയവയുടെയും അമിതോപയോഗമാണ് ഇതിന് മുഖ്യകാരണം. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ക്കും വീഡിയോ ഗെയിമുകള്‍ക്കും അടിമകളാകുന്നത് ചെറിയ കുട്ടികളുടെ കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു.
ഹ്രസ്വദൃഷ്ടി (myopia/ short sightedness), ദീര്‍ഘദൃഷ്ടി (hypermteropia/ long sightedness) അസ്റ്റിഗ്മാറ്റിസം എന്നിങ്ങനെയാണ് സാധാരണ കാഴ്ചക്കുറവ്.
അഷ്ടാംഗഹൃദയത്തില്‍ പറഞ്ഞ നേത്രസംരക്ഷണോപായങ്ങള്‍ ഇവയാണ്:
1. റുമ്മാന്‍ പഴം, ഉണക്കമുന്തിരി, ത്രിഫല എന്നിവ ഉപയോഗിക്കുക.
2. ചെറുപയര്‍, ഗോതമ്പ്, ബാര്‍ലി എന്നിവ കൂടുതല്‍ നെയ്യ് ചേര്‍ത്ത് സേവിക്കുക.
3. പാദസംരക്ഷണം: കാല്‍പാദങ്ങളെയും കണ്ണുകളെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട രണ്ട് സിരകളുണ്ട്. അതിനാല്‍ പാദസംരക്ഷണം കണ്ണുകളുടെ ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നു. സ്ഥിരമായി ചെരുപ്പ് ഉപയോഗിക്കുക, കാല്‍പാദങ്ങള്‍ മസാജ് ചെയ്യുക, എണ്ണയിടുക, കഴുകി വൃത്തിയായി സൂക്ഷിക്കുക.
കാരറ്റ്, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതലായി ഉപയോഗിക്കുന്നതും കണ്ണുകളുടെ സംരക്ഷണത്തിന് നല്ലതാണ്.
മേക്കപ്പുകളും കൃത്രിമ ഛായങ്ങളും പീലികളെയും പോളകളെയും ബാധിക്കാം. പുകവലി പ്രായസംബന്ധമായ കാഴ്ചക്കുറവിനുള്ള പ്രധാന കാരണമാണ്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടക്ക് കണ്ണിന് വിശ്രമം നല്‍കണം.
കണ്ണിന് അസുഖങ്ങള്‍ വന്ന ശേഷമല്ല, ആരോഗ്യമുള്ളപ്പോള്‍ തന്നെ പരിചരണം നല്‍കണം. എന്നാല്‍ അസുഖങ്ങള്‍ പരമാവധി ഒഴിവാക്കാം.
(തിരുവനന്തപുരം ഗവ. ആയുര്‍വേദിക് മെഡി. കോളജിലെ ഹൗസ് സര്‍ജനാണ് ലേഖിക)
.