ആലപ്പുഴ: ശബരിമലയെ അയോധ്യയെ പോലെ യുദ്ധഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇപ്പോള്‍ നടക്കുന്ന സമരങ്ങളില്‍ കൊടിപിടിച്ചു രാഷ്ട്രീയം കലര്‍ത്തരുതെന്ന പന്തളം രാജകുടുംബത്തിന്റെ അഭിപ്രായം അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബ്രൂവറി വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു തുടരന്വേഷണം നടത്തണം. കട്ടമുതല്‍ തിരികെ നല്‍കിയാല്‍ കള്ളന്‍ കള്ളനാകാതിരിക്കില്ല.
കേരളത്തിലുണ്ടായ പ്രളയം ഡാം ദുരന്തമാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എല്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും കഴിവും കാര്യശേഷിയും പ്രവര്‍ത്തന സന്നദ്ധതയും ഉള്ളവരെ മാത്രമേ നിലനിര്‍ത്തുകയുള്ളൂവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്ത യുവ എംഎല്‍എമാരോടു കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആലപ്പുഴയില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുല്ലപ്പള്ളി പറഞ്ഞു.