കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് കമല്‍ഹാസന്‍; ഒരു നിബന്ധന മാത്രം

Posted on: October 13, 2018 7:28 pm | Last updated: October 13, 2018 at 8:26 pm

ചെന്നൈ: ഡിഎംകെ ബന്ധം ഉപേക്ഷിച്ചാല്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ കോണ്‍ഗ്രസിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞത്. ഡിഎംകെയും എഐഎഡിഎംകെയും അഴിമതിക്കൊപ്പമാണ്. ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം ഇല്ലാതായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തങ്ങള്‍ തയ്യാറാണ്. ഈ സഖ്യം തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കോണ്‍ഗ്രസിനോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്- കമല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂണില്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞങ്ങള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തു. പക്ഷെ നിങ്ങള്‍ ചിന്തിക്കുന്ന പോലെ അല്ല ഞങ്ങള്‍ ചര്‍ച്ച ചെയ്തത് എന്നായിരുന്നു അന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം കമല്‍ പ്രതികരിച്ചത്.ഇത് ആദ്യമായാണ് കമല്‍ ഡിഎംകെക്ക് എതിരെ പരസ്യപ്രതികരണം നടത്തുന്നത്. കാവേരി വിഷയത്തില്‍ മക്കള്‍ നീതി മയ്യം വിളിച്ചു ചേര്‍ത്ത പാര്‍ട്ടികളുടെ യോഗം ഡിഎംകെ ബഹിഷ്‌കരിച്ചിരുന്നു.