ഡല്‍ഹിയില്‍ ജീവനക്കാരനെ കൊന്ന് ബേങ്ക് കൊള്ളയടിച്ചു- VIDEO

Posted on: October 13, 2018 4:14 pm | Last updated: October 13, 2018 at 4:14 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബേങ്ക് ജീവനക്കാരനെ വെടിവെച്ചു കൊന്ന അക്രമി സംഘം മൂന്ന് ലക്ഷം രൂപ കൊള്ളയടിച്ചു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഛാവ്്‌ല ടൗണിലുള്ള കോര്‍പറേഷന്‍ ബേങ്കിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സായുധ സംഘമാണ് കൊള്ള നടത്തിയത്.

സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്ന് തോക്ക് തട്ടിയെടുത്തതിന് ശേഷം ഇയാളെ മര്‍ദിച്ചവശനാക്കിയായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. പിന്നീട് കാഷ്യറായ സന്തോഷിനെ വെടിവെച്ച് വീഴ്ത്തി പണം തട്ടിയെടുത്ത് അക്രമി സംഘം സ്ഥലം വിട്ടു. 10 ഉപഭോക്താക്കളും ആറ് ജീവനക്കാരുമുള്‍പ്പടെ 16 പേരാണ് ഈ സമയത്ത് ബേങ്കില്‍ ഉണ്ടായിരുന്നത്. സന്തോഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.