Connect with us

Kerala

കെഎസ്ആര്‍ടിസിയില്‍ 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു

Published

|

Last Updated

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ഇത്തവണ 134 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ദീര്‍ഘകാലമായി ജോലിക്കുവരാത്തവരും നിയമവിരുദ്ധമായി അവധിയില്‍ പോയവരുമായ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ദീര്‍ഘകാലത്തേക്ക് അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്നവരുള്‍പ്പെടെ 773 ജീവനക്കാരെ ഒരാഴ്ചമുമ്പ് പിരിച്ചുവിട്ടിരുന്നു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്.

നേരത്തെ, കോര്‍പറേഷന്റെ ചെലവ് ചുരുക്കല്‍-പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട് സ്ഥിരമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കുകയും തുടര്‍ന്ന് ഇവരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്തിമ നടപടിയിലേക്ക് കടന്നത്. ആവശ്യമായ ജീവനക്കാര്‍ കോര്‍പറേഷന്റെ സര്‍വീസ് റോളില്‍ ഉണ്ടായിരിക്കുകയും അനധികൃതമായി പലരും ജോലിക്ക് വരാതിരിക്കുകയും ചെയ്യുന്നതിനാല്‍ ബസ് സര്‍വീസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് വലിയ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ ജോലിക്ക് ഹാജരാകാത്തവരെ പിരിച്ചുവിടുന്നതോടെ ജീവനക്കാരുടെ എണ്ണം സര്‍വീസിന് അനുസരിച്ച് ക്രമപ്പെടുത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.

കാലാവധി കഴിഞ്ഞിട്ടും അവധിയില്‍ തുടരുന്ന ജീവനക്കാരോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ എം ഡിയായി ചുമതലയേറ്റ അവസരത്തില്‍ ടോമിന്‍ ജെ തച്ചങ്കരി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാന്‍ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സര്‍വീസില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്ത് മറ്റു ജോലികള്‍ ചെയ്യുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും 45 ദിവസത്തിനകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നാണ് ഈ വര്‍ഷം ജൂണ്‍ നാലിന് കോടതി ഉത്തരവിട്ടത്. ഇവര്‍ ജോലിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരികെ പ്രവേശിക്കാത്ത പക്ഷം പിരിച്ചുവിടാമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Latest