Connect with us

Ongoing News

ഇന്ത്യ-ചൈന ഫുട്‌ബോള്‍ പോരാട്ടം ഇന്ന്; ജിങ്കന്‍ നയിക്കും

Published

|

Last Updated

സുഹോ(ചൈന): ചൈനക്കെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നിരയെ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍ നയിക്കും. സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി ടീമിലുണ്ടെങ്കിലും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ക്യാപ്റ്റന്‍സി റൊട്ടേഷന്‍ ആവര്‍ത്തിക്കുകയായിരുന്നു. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ-ചൈന ഫുട്‌ബോള്‍ പോരാട്ടം വരുന്നത്. അതില്‍ ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിയാന്‍ സാധിക്കുന്നത് ജിങ്കന് ലഭിക്കുന്ന സുവര്‍ണാവസരമാണ്. ക്യാപ്റ്റന്‍ സ്ഥാനം കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് നല്‍കിയതിനെ കുറിച്ച് കോച്ച് കോണ്‍സ്റ്റന്റൈന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

ഗ്രൗണ്ടില്‍ ആത്മാര്‍പ്പണം നടത്തുന്ന താരമാണ് സന്ദേശ് ജിങ്കന്‍. ഡിഫന്‍ഡറാണെങ്കിലും അറ്റാക്കിംഗ് മൂഡില്‍ കളിക്കുന്ന താരം. മറ്റ് കളിക്കാരിലേക്ക് പോസിറ്റീവ് എനര്‍ജി പകരുവാന്‍ ജിങ്കന് സാധിക്കും – കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് മുതല്‍ക്കൂട്ടാകുന്ന നേതൃപാടവം ജിങ്കനില്‍ കാണുന്നുണ്ടെന്നും കോച്ച് പ്രകീര്‍ത്തിച്ചു.

തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ജിങ്കന്‍ നന്ദി പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് വലിയ സ്വപ്‌നമായിരുന്നു. ചൈനയെ പോലൊരു വലിയ ടീമിനെതിരെ ക്യാപ്റ്റന്റെ ഉത്തരവാദിത്വം നല്‍കിയത് മറക്കാനാകാത്ത അനുഭവമായെന്ന് പഞ്ചാബ് താരം.
ഛേത്രി ഭായ്, ഗുര്‍പ്രീത്, ജെജെ എന്നിങ്ങനെ ഒരുപറ്റം ലീഡര്‍മാര്‍ ടീമിലുള്ളത് എന്റെ ജോലി എളുപ്പമാക്കും. മനോഹരമായ സ്‌റ്റേഡിയത്തിലാണ് മത്സരം. മനോഹരമായ റിസള്‍ട്ടും ഞങ്ങള്‍ ആഗ്രഹിക്കുന്നു – ജിങ്കന്‍ പറഞ്ഞു.

മത്സരത്തില്‍ ചൈനക്കാണ് വിജയസാധ്യത. എന്നാല്‍, എതിരാളികളെ വില കുറച്ച് കാണുവാന്‍ ചൈന ഒരുക്കമാകില്ല. കഴിഞ്ഞ മാസം ഖത്തറിനോട് ഏകപക്ഷീയമായ ഒരു ഗോളിന് ചൈന തോറ്റിരുന്നു. ബഹ്‌റൈനുമായി ഗോളില്ലാ കളിയും.
ചൈനയെ പരിശീലിപ്പിക്കുന്ന ഇറ്റലിക്ക് 2006 ല്‍ ലോകകപ്പ് നേടിക്കൊടുത്ത കോച്ച് മാര്‍സലോ ലിപ്പിയാണ്. ഏഷ്യന്‍ കപ്പോടെ ചൈന വിടാന്‍ തീരുമാനിച്ച ലിപ്പിക്ക് അഭിമാന പോരാട്ടമാണിത്. മികച്ച മാര്‍ജിനിലുള്ള ജയം തന്നെ ലിപ്പിയും സംഘവും ലക്ഷ്യമിടുന്നുണ്ട്.