National
ആശുപത്രിയില്‍ മന്ത്രിസഭാ യോഗം വിളിച്ച് മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തു. മുഖ്യമന്ത്രി ചികിത്സയിലായതിനാല്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്ന മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടയിലാണ് പരീക്കര്‍ ആശുപത്രി മുറിയില്‍ മന്ത്രിസഭാ യോഗം വിളിച്ചിരിക്കുന്നത്.
യോഗത്തിന്റെ അജന്‍ഡ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മന്ത്രിമാര്‍ക്ക് ചില അധിക ചുമതലകള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പാന്‍ക്രിയാസിലെ അര്‍ബുദത്തെ തുടര്‍ന്ന് സെപ്തംബര്‍ 15 മുതല്‍ പരീക്കര്‍ എയിംസില്‍ ചികിത്സയിലാണ്. പരീക്കറെ എയിംസില്‍ ചികിത്സക്കായി പ്രവേശിച്ചതോടെ ഗോവയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ അനാരോഗ്യം സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം പരീക്കറിനെ മുഖ്യമന്തി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തയ്യാറായിരുന്നില്ല.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസായിരുന്നു. എന്നാല്‍, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക്, മൂന്ന് സ്വതന്ത്രര്‍ എന്നിവരെ ഒപ്പം ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപപവത്കരിക്കുകയായിരുന്നു.