തിത്‌ലി തീരംതൊട്ടു; കനത്ത നാശം, മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു

Posted on: October 11, 2018 8:54 am | Last updated: October 11, 2018 at 11:51 am

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. ഗോപാല്‍പൂര്‍ മേഖലയില്‍ 150 കിലോ മീറ്റര്‍ വേഗതയിലുണ് കാറ്റ് വീശുന്നത്. 165 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ ഒഡിഷ തീരമേഖലയില്‍ നിന്ന് മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു. ഒഡിഷയില്‍ വിവിധ സ്ഥലങ്ങളിലായി 836 ക്യാമ്പുകള്‍ തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. വേണ്ടിവന്നാല്‍ പട്ടാളത്തിന്റെ സഹായം തേടും. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി നല്‍കി.

ചുഴലിക്കാറ്റിന്റെ വേഗം വരും മണിക്കൂറുകളില്‍ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രക്കും ഒഡിഷക്കുമിടയിലുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഒഡിഷയിലെ 18 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. മരങ്ങളും വൈദ്യുതിത്തൂണുകളും കടപുഴകി വീണു.

ഗഞ്ജം, ഗജപതി, പുരി, ഖുര്‍ദ, ജഗദ്‌സിങ്പൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യുകയാണ്. ആന്ധ്രയിലെ കലിംഗ പട്ടണത്തും ശക്തമായ കാറ്റടിക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇവിടെ 56 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുന്നത്.