മണ്ണിന്റെ മക്കള്‍ വാദം ഗുജറാത്തിലും

Posted on: October 11, 2018 8:41 am | Last updated: October 10, 2018 at 9:43 pm

ഗുജറാത്തില്‍ നിന്നുള്ള ഇതരസംസ്ഥാനക്കാരുടെ ഒഴിഞ്ഞു പോക്ക് തുടരുകയാണ്. സെപ്തംബര്‍ 28ന് സബര്‍കണ്ഡ് ജില്ലയില്‍ ഠാക്കുര്‍ സമുദായത്തില്‍പെട്ട 14 മാസം പ്രായമുള്ള കുഞ്ഞ് ബലാത്സംഗം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് റാക്കൂര്‍ സമുദായക്കാര്‍ അഴിച്ചു വിട്ട അക്രമത്തെ തുടര്‍ന്നാണ് ഇതരസംസ്ഥാനക്കാര്‍ സംസ്ഥാനം വിടാന്‍ നിര്‍ബന്ധിതരാകുന്നത്. യു പി, മധ്യപ്രദേശ്, ബിഹാര്‍ തുടങ്ങി ഹിന്ദി ഭാഷാ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കു നേരെയാണ് ആക്രമണം. ഠാക്കൂരികള്‍ ഗുജറാത്തിലെ നിര്‍മാണമേഖലയിലെയും കമ്പനികളിലെയും ഇതര സംസ്ഥാന തൊഴിലാളികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുയും കടകള്‍ കത്തിക്കുകയുമാണ്. അവര്‍ താമസിക്കുന്ന വീടുകളും ആക്രമിക്കപ്പെടുന്നു. വാടകക്ക് താമസിക്കുന്ന ഹിന്ദിക്കാരോട് വീടൊഴിഞ്ഞു പോകാനും ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്.

ബലാത്സംഗ കേസില്‍ ബിഹാര്‍ സ്വദേശി അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന വീഡിയോകളും പോസ്റ്റുകളും പ്രചരിപ്പിച്ചതോടെയാണ് ആക്രമം ആരംഭിച്ചത്. നിമിത്തം ലൈംഗികാതിക്രമമെങ്കിലും ഠാക്കൂര്‍ സമുദായത്തിന്റെ വംശീയ സങ്കുചിതത്വ ചിന്തയും ഹിന്ദിവിരോധവുമാണ് ആക്രമണം പടര്‍ന്നതിന് പിന്നില്‍. കലാപമുണ്ടാക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ട 200ഓളം പേരില്‍ ഭൂരിഭാഗവും ഠാകൂര്‍ സമൂദായക്കാരാണെന്നാണ് ഗാന്ധിനഗര്‍ പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.

മുംബൈയില്‍ ശിവസേന തുടക്കം കുറിച്ച മണ്ണിന്റെ മക്കള്‍ വാദത്തിന്റെ തുടര്‍ച്ചയാണ് ഗുജറാത്തില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും ഉടലെടുത്തിരുന്നു മണ്ണിന്റെ മക്കള്‍വാദം. ബെംഗളൂരു നഗരത്തില്‍ ‘നമ്മ മെട്രോ ഹിന്ദി ബേഡ’ എന്ന പേരില്‍ ഹിന്ദിയില്‍ ബോര്‍ഡ്‌വെക്കുന്ന തിനെതിരെ തുടങ്ങിയ പ്രക്ഷോഭം അവസാനം കന്നഡ അറിയാത്ത എന്‍ജിനീയര്‍മാരെ പിരിച്ചു വിടണമെന്ന തരത്തിലേക്ക് എത്തുകയായിരുന്നു. കര്‍ണാടകയില്‍ ആവശ്യത്തിന് എന്‍ജിനീയറിംഗ് കോളേജുകളും എന്‍ജിനീയര്‍മാരും ഉളളപ്പോള്‍ എന്തിനാണ് പുറത്തുനിന്നുളളവരെന്ന് ചോദിച്ചു കര്‍ണാടക വികസന അതോറിറ്റി ചെയര്‍മാന്‍ സംസ്ഥാന സര്‍ക്കാറിന് കത്തയക്കുകയും അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ വാദത്തിന് പിന്തുണ നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് സ്ഥാപിച്ച ഹിന്ദി ബോര്‍ഡുകള്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാറിന് കത്തയക്കുകയുമുണ്ടായി. കര്‍ണാടകക്ക് സ്വന്തമായി പതാകയും കന്നഡ സംസാരിക്കുന്നവര്‍ക്ക് സിവില്‍ സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്താനുളള നീക്കവും അന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു.

അസമിലും ഉള്‍ഫയുടെയും കെ എല്‍ എന്‍ എല്‍ എഫിന്റെയും നേതൃത്വത്തില്‍ മണ്ണിന്‍ മക്കള്‍ വാദം ശക്തമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അസമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹിന്ദി സംസാരിക്കുന്ന 61 ഇതര സംസ്ഥാനക്കാരെയും ആഗസ്റ്റില്‍ കാര്‍ബി ആംഗലോഗ് ജില്ലയില്‍ നിന്ന് എട്ട് പേരെയും ഉള്‍ഫകള്‍ വധിച്ചു. മഹാരാഷ്ട്രയില്‍ ശിവസേനാ സ്ഥാപകന്‍ ബാല്‍താക്കറെ ഉയര്‍ത്തിവിട്ട മണ്ണിന്റെ മക്കള്‍ വാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. മുംബൈയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന മറാത്തികളുടേതല്ലാത്ത ഓട്ടോറിക്ഷകളെല്ലാം തീവെച്ച് നശിപ്പിക്കണമെന്ന പ്രസ്താവനയുമായി രംഗത്തു വന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെയാണ് വിഷയം വീണ്ടും ആളിക്കത്തിച്ചത്. ഇതേതുടര്‍ന്ന് മുംബൈയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഭീതിയുടെ നിഴലിലാണ്. മലയാളികളായിരുന്നു മഹാരാഷ്ട്രയില്‍ നേരത്തെ മണ്ണിന്റെ മക്കള്‍ വാദത്തിന്റെ ഇരകളെങ്കില്‍ നിലവില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന വടക്കേ ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ജോലി നല്‍കുന്നതിനെതിരെയാണ് മുഖ്യമായും വിമര്‍ശമുയര്‍ത്തുന്നത്.

കേരളത്തില്‍ മണ്ണിന്റെ മക്കള്‍ വാദമില്ലെങ്കിലും ഇതരസംസ്ഥാന തൊഴിലാളികളെ പ്രത്യേക കണ്ണോടെയാണ് മലയാളികളും കാണുന്നത്. പോലീസ് കണക്കനുസരിച്ച് സംസ്ഥാനത്ത് മലയാളികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ പകുതി പോലും ഇതരസംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് എവിടെയെങ്കിലും ഒരു കുറ്റകൃത്യം നടന്നാല്‍ ആദ്യം സംശയിക്കുന്നത് സ്ഥലത്തെ ബംഗാളികളെയാണ്. ഏതെങ്കിലുമൊരു മലയാളി കുറ്റം ചെയ്തതിന്റെ പേരില്‍ എല്ലാ മലയാളികളെയും നാം സംശയിക്കാറില്ല. ഒരു ഇതരസംസ്ഥാനക്കാരന്‍ കുറ്റം ചെയ്താല്‍ സംസ്ഥാനത്തെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളിലും അതിന്റെ പാപഭാരം ചുമത്തപ്പെടുകയുമാണ്. ധാര്‍മികതക്കും ഭരണഘടന വിഭാവനം ചെയ്യുന്ന ദേശീയതക്കും വിരുദ്ധമാണ് ഭാഷയുടെയും വേഷത്തിന്റെയും പേരിലുള്ള വിവേചനവും പ്രവര്‍ത്തനങ്ങളും. ഒരൊറ്റ ഇന്ത്യ, ഒരേയൊരു ജനത എന്നതാണ് രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഭരണഘടനയുടെ 19-1 ഇ വകുപ്പ് ഏത് ഇന്ത്യന്‍ പൗരനും രാജ്യത്തിന്റെ ഏതു ഭാഗത്തും തൊഴിലെടുക്കാനും താമസിക്കാനും അവകാശം നല്‍കുന്നുണ്ട്. ഹിന്ദി ഭാഷാ സംസ്ഥാനക്കാരന് ഗുജറാത്തിലും മലയാളിക്ക് മഹാരാഷ്ട്രയിലും ബംഗാളിക്ക് കേരളത്തിലും വരികയും തൊഴിലെടുക്കുകയും താമസിക്കുകയും ചെയ്യാം. ഇതിനെ ചോദ്യം ചെയ്യുന്നതും എതിര്‍പ്പ് രേഖപ്പെടുത്തന്നതും ഭരണഘടനാ ലംഘനമാണ്. ഇന്ത്യയിലെ മണ്ണിന്റെ മക്കള്‍ എന്ന് പറയാമെങ്കില്‍ അത് ആദിവാസികളാണ്. രാജ്യത്ത് ആദ്യമായി മണ്ണിന്റെ വാദം ഉയര്‍ത്തിയ താക്കറെ കുടുംബം ഉള്‍പ്പെടെ മറ്റുള്ളവര്‍ക്കൊന്നും അങ്ങനെ അവകാശപ്പെടാനാകില്ല. എന്നിട്ടും ഇത്തരം വാദം ഉയര്‍ത്തുന്നവരുടെ വോട്ട് ബേങ്കില്‍ കണ്ണു നട്ട് അതിനെ പ്രതിരോധിക്കുന്നതില്‍ ഭരണകൂടങ്ങള്‍ അലംഭാവം കാണിക്കുകയാണ്. അതുകൊണ്ടാണ് മുംബൈയില്‍ തുടക്കം കുറിച്ച ഈ അപകടകരമായ പ്രവണത രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും പടരുന്നത്.