ഒരു പാതിരാ സമരം

സ്വതന്ത്ര ഇന്ത്യയില്‍ കര്‍ഷകര്‍ ഇത്ര പ്രതിസന്ധിയനുഭവിച്ച ഒരു ഘട്ടം ഇതിന് മുമ്പ് കടന്നുപോയിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ജലസേചനം മുതല്‍ വിപണി വരെയുള്ളയിടങ്ങളില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. ഭരണകൂടങ്ങള്‍ സമയാസമയങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഇവയൊന്നും നടപ്പിലാകുന്നില്ലെന്ന തിരിച്ചറിവാണ് കര്‍ഷകരെ തെരുവിലേക്ക് നയിച്ചത്. ഭരണകൂട മന്ദിരങ്ങള്‍ക്ക് മുന്നില്‍ അടിസ്ഥാന വര്‍ഗത്തിന്റെ ശക്തി പ്രകടനങ്ങളായി മാറി. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ അവര്‍ സംഘടിച്ചു, ശബ്ദമുയര്‍ത്തി.
Posted on: October 8, 2018 8:50 pm | Last updated: October 8, 2018 at 8:50 pm

‘ആത്മഹത്യയുടെ മുന്നില്‍ നിന്നുകൊണ്ടാണ് നിങ്ങളോട് സംസാരിക്കുന്നത്, കൃഷി നഷ്ടമാണ്. ഞങ്ങളുടെ വിളകള്‍ക്ക് വിപണിയില്ല. അവര്‍ക്ക് കര്‍ഷകരെയല്ല കുത്തകകളെയാണ് അവശ്യം. അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഈ പോരാട്ടം. ഉറപ്പുകളല്ല വേണ്ടത് നടപടികളാണ്.’ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബര്‍ രണ്ടിന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത് ഇങ്ങനെയായിരുന്നു. ഞങ്ങളെ ഇനിയും തെരുവിലേക്ക് കൊണ്ടുവരരുതെന്നുള്ള മുന്നറിയിപ്പുമായിട്ടായിരുന്നു ആ ട്രാക്ടറുകള്‍ തിരിച്ചുപോയത്.

ട്രാക്ടറുകള്‍ നിലങ്ങളിലല്ല; തെരുവിലാണ്
രാജ്യത്തെ കര്‍ഷകര്‍ കുറച്ചുകാലമായി തെരുവിലാണ്. കൃഷിയിടങ്ങളിലെ നഷ്ടങ്ങള്‍ക്കു പുറമെ വിളകള്‍ക്ക് വിപണികൂടി ലഭിക്കാതെ വന്നതോടെയാണ് ഭരണകൂടങ്ങള്‍ക്ക് മുന്നിലെത്തി കര്‍ഷകര്‍ മുഷ്ടി ഉയര്‍ത്താന്‍ തുടങ്ങിയത്. സ്വതന്ത്ര ഇന്ത്യയില്‍ കര്‍ഷകര്‍ ഇത്ര പ്രതിസന്ധിയനുഭവിച്ച ഒരു ഘട്ടം ഇതിന് മുമ്പ് കടന്നുപോയിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ജലസേചനം മുതല്‍ വിപണി വരെയുള്ളയിടങ്ങളില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. ഭരണകൂടങ്ങള്‍ സമയാസമയങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഇവയൊന്നും നടപ്പിലാകുന്നില്ലെന്ന തിരിച്ചറിവാണ് കര്‍ഷകരെ തെരുവിലേക്ക് നയിച്ചത്. കര്‍ഷക സംഘടനകളും കര്‍ഷക തൊഴിലാളി സംഘടനകളും ഈ ദൗത്യമേറ്റെടുത്തതോടെ ഭരണകൂട മന്ദിരങ്ങള്‍ക്ക് മുന്നില്‍ അടിസ്ഥാന വര്‍ഗത്തിന്റെ ശക്തി പ്രകടനങ്ങളായി മാറി. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ അവര്‍ സംഘടിച്ചു, ശബ്ദമുയര്‍ത്തി.

അവകാശങ്ങള്‍ ഉന്നിയിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരാണ് കഴിഞ്ഞ വര്‍ഷം ആദ്യമായി സമരത്തിനെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചും മൂത്രം കുടിച്ചുമായിരുന്നു പ്രതിഷേധം. കടക്കെണിയും വിളനഷ്ടവും കാരണം ആത്മഹത്യ ചെയ്ത സഹോദരകര്‍ഷകരുടെ തലയോട്ടിയും എല്ലുകളുമൊക്കെ കൈയിലേന്തിയ ആ പ്രതിഷേധം ലോകശ്രദ്ധ നേടി. പിന്നീട് മധ്യപ്രദേശിലാണ് കര്‍ഷകര്‍ സംഘടിച്ചത്. മധ്യപ്രദേശിലെ മാന്ദ്‌സോര്‍ ജില്ലാ ആസ്ഥാനത്തേക്ക് കര്‍ഷകര്‍ സംഘടിച്ച് മാര്‍ച്ച് ചെയ്തു. വെടിവെച്ചാണ് ഭരണകൂടം ഇവരെ നേരിട്ടത്. ആറ് കര്‍ഷകര്‍ രക്തസാക്ഷിത്വം വരിച്ചു. തുടര്‍ന്ന് പലയിടങ്ങളില്‍ കര്‍ഷകര്‍ സമരത്തിനിറങ്ങി. ഭരണകൂടങ്ങള്‍ കണ്ട ഭാവം നടിച്ചില്ല. മധ്യപ്രദേശിലെ കര്‍ഷകരുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ പുതുക്കി ജൂണ്‍ ഒന്ന് മുതല്‍ പത്ത് വരെ രാജ്യത്തെ കര്‍ഷകര്‍ ഒരു സമരം നടത്തി. ഗ്രാമങ്ങള്‍ അടച്ചിട്ടായിരുന്നു ആ സമരം. പച്ചക്കറി മാര്‍ക്കറ്റുകള്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കിയില്ല. പകരം റോഡില്‍ ഉപേക്ഷിച്ചു. പഞ്ചാബിലും ഹരിയാനയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും പച്ചക്കറി മാര്‍ക്കറ്റുകള്‍ രണ്ടാഴ്ചക്കാലം അടഞ്ഞുകിടന്നു. ക്ഷീരകര്‍ഷകര്‍ പാല്‍ കാനുകളിലാക്കി റോഡില്‍ ഒഴിച്ചു. പച്ചക്കറികള്‍ തെരുവില്‍ കൂമ്പാരമാക്കിയിട്ടു. ഭരണകൂടം വാഗ്ദാനങ്ങള്‍ നല്‍കി അനുനയിപ്പിച്ചു. പക്ഷേ, തുടര്‍ നടപടികള്‍ കാര്യമായി ഉണ്ടായില്ല.

പിന്നീട് മഹാരാഷ്ട്രയിലാണ് കര്‍ഷകര്‍ സംഘടിച്ചത്. ഗ്രാമങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ നടന്ന് കര്‍ഷകര്‍ മുംബൈ മഹാനഗരത്തിലേക്ക് മാര്‍ച്ച് ചെയ്തു. നഗരത്തിലെ വ്യവസായശാലകള്‍ക്ക് നഷ്ടം സംഭവിച്ചു. നടന്ന് തേഞ്ഞ ചെരുപ്പുകളും പൊട്ടിയൊലിച്ച കാലുകളും ചോര കട്ട പിടിച്ച ഉപ്പൂറ്റികളും കണ്ട് ഭരണകൂടം അന്ന് വിറച്ചു. ഒടുവില്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കി. ആ ഉറപ്പില്‍ അവര്‍ തിരിച്ചുപോയി.

‘ഇനി വരുത്തരുത്’
പിന്നീട് ഡല്‍ഹിയിലേക്കായിരുന്നു കര്‍ഷകര്‍ ഒരുമിച്ച് ഇരമ്പിയെത്തിയത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇതര തൊഴിലാളികളും രാം ലീലയില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്ന് ലക്ഷത്തോളം പേരാണ് അന്ന് മാര്‍ച്ചില്‍ അണി നിരന്നത്. ഏറ്റവും ഒടുവിലായി മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബര്‍ രണ്ടിന് രാജ്ഘട്ടില്‍ ഉപവാസമിരിക്കാനായി ഉത്തര്‍ പ്രദേശിലെ ഹരിദ്വാറില്‍ നിന്നും ട്രാക്ടറുകളും ഉന്തുവണ്ടികളുമായി കര്‍ഷകരെത്തി. ഇവരെ ഡല്‍ഹിയിലേക്ക് കടക്കാനനുവദിക്കാതെ ഡല്‍ഹി- യു പി അതിര്‍ത്തിപ്രദേശമായ ഗാസിയാബാദില്‍ തടഞ്ഞു. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അവര്‍ ചെറുത്തുനിന്നു. ട്രാക്ടറുകളും ഉന്തുവണ്ടികളും ഉപയോഗിച്ച് പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്തു മുന്നേറി. അവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. ഉറപ്പുകളല്ല തങ്ങള്‍ക്ക് വേണ്ടത് നടപടികളാണെന്നായിരുന്നു അവര്‍ മറുപടി നല്‍കിയത്. ഒടുവില്‍ സര്‍ക്കാറിന് ആറ് ദിവസത്തെ അവധിയെന്ന കരാറില്‍ , രാജ്ഘട്ടിലെത്തി ഗാന്ധിയെ തൊഴുത് അവര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങി. ഇനിയുമൊരു പ്രാവശ്യം ഇങ്ങോട്ട് വരുത്തരുതെന്ന മുന്നറിയിപ്പുമായിട്ടായിരുന്നു ആ ട്രാക്ടറുകള്‍ തിരിച്ചുപോയത്.
.