Connect with us

Kerala

സംഘ്പരിവാര്‍ സംഘടനകളുടെ ഗോശാലകളിലെ പശുക്കള്‍ക്ക് നരക ജീവിതം

Published

|

Last Updated

പാലക്കാട്: പശുക്കളെ സംരക്ഷിക്കുന്നതിന് സംഘ്പരിവാര്‍ സംഘടനകളുടെയും ബി ജെ പിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഗോ ശാലകളുടെ സ്ഥിതി ഭീകരമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ഗോശാലകളിലും കന്നുകാലികള്‍ക്ക് ദുരിത പൂര്‍ണമായ സ്ഥിതിയാണെന്നുള്ളത്.

വൃത്തിഹീനമായ ചുറ്റുപാടിലാണ് മിക്ക ഗോ ശാലകളും പ്രവര്‍ത്തിക്കുന്നത്. ശരിയായ രീതിയില്‍ പരിശീലനം ലഭിക്കാത്ത ഗോശാല ജീവനക്കാര്‍, സര്‍ക്കാറിന്റെ പിന്തുണയില്ലാത്ത സ്ഥാപനങ്ങള്‍, ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും നിയമവിധേയമല്ലാത്ത വില്‍പ്പന എന്നിവയാണ് ഗോശാലകളെ പ്രതികൂലമായി ബാധിക്കുന്ന പ്രതിസന്ധികളെന്നും പഠനത്തില്‍ പറയുന്നു.

കന്നുകാലികളുടെ ആരോഗ്യത്തെ ഈ രംഗത്തെ അഴിമതി വളരെ ഗുരുതരമായ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും 13 സംസ്ഥാനങ്ങളിലുമായി സ്ഥിതി ചെയ്യുന്ന കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളെക്കുറിച്ചാണ് പഠനം നടത്തിയത്. മിക്ക ഗോശാലകള്‍ക്കും സാമ്പത്തിക സുസ്ഥിരതയില്ലെന്നും വിരലിലെണ്ണാവുന്നവക്ക് മാത്രമാണ് നിയമസാധുതയുള്ളൂവെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റുള്ളവ ഏതെങ്കിലും മതസ്ഥാപനങ്ങളുടെ പിന്തുണയോടെയോ വ്യക്തികളുടെ സംഭാവനയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. അതല്ലെങ്കില്‍ പാല്‍, ചാണകം, ഗോമൂത്രം എന്നിവ വില്‍ക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും.
കന്നുകാലികള്‍ സുരക്ഷിതമായ ചുറ്റുപാടിലല്ല ജീവിക്കുന്നത്. ഗോ ശാലകളില്‍ മതിയായ ഭക്ഷണമില്ലാതെ ആയിരക്കണക്കിന് കന്നുകാലികളാണ് പരിമിത സ്ഥലത്ത് ഞെരുങ്ങി ജീവിക്കുന്നത്.

ഇത്തരം കന്നുകാലികളുടെ സ്ഥിതി അറവ് ശാലയേക്കാള്‍ ദുരിതപൂര്‍ണമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗോ ശാലകളില്‍ കന്നുകാലികള്‍ക്ക് നേരിടുന്ന ദുരിതത്തിന് അറുതി വരുത്തുന്നതിന് കന്നുകാലി സംരക്ഷണത്തിന് ഏറ്റവും നൂതനവും കൃത്യവുമായ നിയമങ്ങള്‍ ആവിഷ്‌കരിക്കണമെന്നും നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.