യുവതിയെ വിഡ്ഢിയെന്ന് വിളിച്ചു; 20,000 ദിര്‍ഹം പിഴയും മൂന്ന് മാസം തടവും

താന്‍ തമാശരൂപേണ ചെയ്തതാണെന്നും ബോധപൂര്‍വം അപമാനിക്കുക ലക്ഷ്യമായിരുന്നില്ലെന്നും വിചാരണക്കിടെ പ്രതി വാദിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല
Posted on: October 8, 2018 5:20 pm | Last updated: October 8, 2018 at 5:20 pm

അബുദാബി: വാട്‌സ്ആപ് വഴി യുവതിയെ വിഡ്ഢി എന്ന് അധിക്ഷേപിച്ച് സന്ദേശമയച്ച യുവാവിന് അബുദാബി പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. 20,000 ദിര്‍ഹം പിഴയും മൂന്നു മാസത്തെ ജയില്‍ വാസവുമാണ് അറബ് വംശജനായ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.

വാട്‌സ്ആപ് വഴി തന്നെ അപമാനിച്ചതില്‍ മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ട് യുവതി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. വിചാരണക്കിടെ പ്രതി താന്‍ തമാശരൂപേണ ചെയ്തതാണെന്നും ബോധപൂര്‍വം അപമാനിക്കുക ലക്ഷ്യമായിരുന്നില്ലെന്നും വാദിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല.

പരാതിക്കാരിയായ യുവതിയെ പ്രതി നേരത്തെ വിവാഹാലോചന നടത്തിയിരുന്നുവെന്നും കോടതിയില്‍ പ്രതി പറഞ്ഞു. കോടതി വിധിക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ അറിയിച്ചു.