ഉംറ തീര്‍ഥാടകര്‍ക്ക് ഇരുഹറമുകള്‍ക്ക് പുറമെ മറ്റു ചരിത്ര നഗരങ്ങള്‍കൂടി സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിത്തുടങ്ങി

Posted on: October 7, 2018 4:51 pm | Last updated: October 7, 2018 at 4:51 pm

അബുദാബി: വിദേശരാജ്യങ്ങളില്‍നിന്ന് ഉംറ കര്‍മത്തിന് പോകുന്ന തീര്‍ഥാടകര്‍ക്ക് ഇരുഹറമുകള്‍ക്ക് പുറമെ മറ്റു ചരിത്ര നഗരങ്ങള്‍കൂടി സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിത്തുടങ്ങി. വിസ സ്റ്റാമ്പ് ചെയ്യുന്ന രാജ്യത്തുനിന്ന് പ്രത്യേക ഉംറ ടൂര്‍ പാക്കേജിലെത്തുന്നവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
ടൂര്‍ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാതെ സൗദി അറേബ്യയിലെത്തിയശേഷം ഇതിനുള്ള ശ്രമം നടത്തിയിട്ട് കാര്യമില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഈ സീസണില്‍ ഉംറക്കെത്തുന്നവര്‍ക്ക് സൗദിയിലെ വിവിധ ചരിത്ര നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്ന് ഹജ്-ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതിനുള്ള നടപടികളും മന്ത്രാലയം പ്രത്യേക സര്‍ക്കുലര്‍ വഴി അറിയിക്കുകയും ചെയ്തു. വിദേശ രാജ്യത്ത് നിന്ന് ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പ് തന്നെ ടൂറിസം പാക്കേജിന് അനുമതി നേടിയാല്‍ മാത്രമേ നഗരങ്ങളും ചരിത്രസ്മാരകങ്ങളും സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവുകയുള്ളൂ. 30 ദിവസത്തേക്കാണ് ഉംറ വിസ അനുവദിക്കുന്നത്. ഇതില്‍ 15 ദിവസം ഇരു ഹറമുകളില്‍ കഴിച്ചുകൂട്ടിയ ശേഷം അവര്‍ക്ക് 15 ദിവസം രാജ്യത്തെ നഗരങ്ങളും ചരിത്രപ്രാധാന്യ സ്ഥലങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. ഒരു മാസത്തിലധികം ഉംറ വിസയില്‍ രാജ്യത്ത് താമസിക്കണമെങ്കില്‍ അതു സംബന്ധിച്ച് സൗദിയിലെത്തുന്നതിനുമുമ്പ് തന്നെ ഉംറ കമ്പനികളില്‍ അപേക്ഷ നല്‍കണം.

കമ്പനികള്‍ അത്തരം അപേക്ഷകള്‍ ഹജ്ജ് മന്ത്രാലയത്തിന് കൈമാറും. മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അനുമതി നല്‍കും. ഉംറ വിസക്ക് നിശ്ചിത ക്വാട്ടയില്ലെന്നും ലോക മുസ്ലിംകളെ ഉംറക്ക് സ്വാഗതം ചെയ്യുന്നതായും മന്ത്രാലയം അറിയിച്ചിരുന്നു. നാട്ടില്‍നിന്ന് ഉംറ ടൂര്‍ പാക്കേജ് ആയി ട്രാവല്‍ ഏജന്റുകള്‍ വഴി സൗദിയിലെ ഉംറ കമ്പനികള്‍ക്ക് അപേക്ഷ നല്‍കിയാല്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് ട്രാവല്‍സ് രംഗത്തുള്ളവര്‍ പറഞ്ഞു. നിലവില്‍ ഇരു ഹറമുകളുള്ള മക്ക, മദീന നഗരങ്ങള്‍ സന്ദര്‍ശിക്കാനാണ് ഉംറക്കാര്‍ക്ക് അനുമതിയുള്ളത്. എന്നാല്‍ ഏത് നഗരം സന്ദര്‍ശിക്കാനുദ്ദേശിക്കുന്നുവെന്നും എത്ര പേരാണ് പാക്കേജിലുള്ളതെന്നും ട്രാവല്‍ ഏജന്റുകള്‍ ബാബുല്‍ ഉംറ സിസ്റ്റം വഴി ഹജ്ജ് മന്ത്രാലയത്തെ അറിയിക്കണം. ഹജ്ജ് മന്ത്രാലയം ടൂറിസം വകുപ്പില്‍ നിന്ന് അനുമതി നേടിയ ശേഷമേ അവര്‍ക്ക് ടൂര്‍ സംബന്ധിച്ച് അന്തിമാനുമതി അനുവദിക്കുകയുള്ളൂ.

അത്തരം ഗ്രൂപ്പുകള്‍ സൗദിയിലെത്തിയാല്‍ ആദ്യ 15 ദിവസം അവര്‍ക്ക് മക്കയിലും മദീനയിലും പിന്നീട് മുന്‍കൂട്ടി അനുമതി നേടിയ നഗരവും സന്ദര്‍ശിക്കാം. ടൂറിസം വകുപ്പിന്റെ പ്രത്യേക വാഹനത്തില്‍ സ്വദേശിയായ ഗൈഡിന്റെ സഹായത്തോടെയാണ് അവര്‍ക്ക് ഈ നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുക. സന്ദര്‍ശനം കഴിഞ്ഞാല്‍ അവരെ ഉംറ കമ്പനികളിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകും. നിലവില്‍ താഇഫ് മാത്രമാണ് പാക്കേജിലുള്‍പെടുത്തി അനുമതി നല്‍കുന്നത്. തബൂക്ക്, മദാഇന്‍ സാലിഹ് പ്രദേശങ്ങളും ലിസ്റ്റിലുണ്ടെങ്കിലും മറ്റു നഗരങ്ങളെ കുറിച്ച് ഇതുവരെ ടൂറിസം വകുപ്പില്‍നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്.