ഡിസംബറില്‍ തന്നെ യു എ ഇ യില്‍ നിന്നും കണ്ണൂരിലേക്ക്‌ സര്‍വീസ് ഉണ്ടാകും; വിമാനക്കമ്പനികള്‍ കരട് ഷെഡ്യൂള്‍ തയാറാക്കി

Posted on: October 7, 2018 4:47 pm | Last updated: October 7, 2018 at 4:47 pm

അബുദാബി: ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് തീരുമാനിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസിന്റെ കരട് ഷെഡ്യൂള്‍ വിമാനക്കമ്പനികള്‍ തയാറാക്കി. എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂട്ട് മാപ് നിര്‍ണയവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പരീക്ഷണപ്പറക്കലിന് ശേഷമുള്ള ഇന്‍സ്ട്രുമെന്റ് അപ്രോച്ച് ചാര്‍ട്ടും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചുതന്നെ വിമാന സര്‍വീസ് എല്ലാ സെക്ടറിലേക്കും ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് കിയാല്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഡിസംബറില്‍ തന്നെ യു എ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വീസ് ഉണ്ടാകും. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് സര്‍വീസ് നടത്തുക. 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും കണ്ണൂരില്‍നിന്ന് സര്‍വീസിന് സന്നദ്ധമാണെങ്കിലും വിദേശ കമ്പനികളുടെ അനുമതി ലഭിക്കാത്തതിനാല്‍ ആഭ്യന്തര കമ്പനികളുടെ കരട് റൂട്ടാണ് തയാറായിട്ടുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയുടെ ഷെഡ്യൂളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസിന് സന്നദ്ധമാണോ എന്ന അറിയിപ്പ് ഡി ജി സി എയില്‍നിന്ന് കിട്ടിയാലുടന്‍ നടപടി പൂര്‍ത്തീകരിക്കും.

എന്നാല്‍, വിദേശ സര്‍വീസ് തുടങ്ങുന്നതിന് ഉപാധിയായി അംഗീകരിച്ച ഉഡാന്‍ സര്‍വീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സജീവമായി തുടങ്ങാനുള്ള നീക്കത്തിലാണ് വ്യോമയാന വകുപ്പ്. കണ്ണൂരില്‍നിന്ന് രാജ്യത്തെ എട്ടു നഗരങ്ങളിലേക്കുള്ള സര്‍വിസാണ് തയാറായിട്ടുള്ളത്. രണ്ടു തവണ കണ്ണൂരില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയ 78 സീറ്റുള്ള ഇന്‍ഡിഗോ ആണ് ഇതില്‍ കൂടുതല്‍ സര്‍വിസ് നടത്തുക. ചെന്നൈ, ബംഗളൂരു, കൊച്ചി, തിരുവനന്തപുരം, മുബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള ഉഡാന്‍ ഷെഡ്യൂളിന്റെ ബുക്കിങ്, കമ്പനികള്‍ ഇതിനകം ഒരുക്കിക്കഴിഞ്ഞു.