കാത്തിരിപ്പിനൊടുവില്‍ അഭിലാഷ് ടോമി ഇന്ത്യയിലെത്തി

Posted on: October 6, 2018 10:10 pm | Last updated: October 7, 2018 at 10:35 am

വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി റേസിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. ഇന്ന് വൈകീട്ടോടെ ഇന്ത്യന്‍ നാവികസേനാ കപ്പലായ ഐഎന്‍എസ് സത്പുരയില്‍ വിശാഖപട്ടണത്തിലാണ് അദ്ദേഹത്തെ എത്തിച്ചത്. അദ്ദേഹത്തെ വിദഗ്ധ പരിശോധനകള്‍ക്കായി കിഴക്കന്‍ നേവല്‍ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റും. നാവിക സേനാ കപ്പല്‍ ഐഎന്‍എച്ച്എസ് കല്ല്യാണിയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുക.

ശേഷം തുടര്‍ ചികിത്സയെ കുറിച്ച് തീരുമാനമെടുക്കും. ആംസ്റ്റര്‍ഡാം ദ്വീപിലായിരുന്ന അഭിലാഷ് ടോമിയെ മുംബൈയില്‍ എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് സഞ്ചാരദിശ മാറ്റി വിശാഖപട്ടണത്തില്‍ എത്തിക്കുകയായിരുന്നു. പായ്‌വഞ്ചി മത്സരത്തിനിടെ നട്ടെല്ലിന് പരുക്കേറ്റ അഭിലാഷ് ടോമിയെ ഏറെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.