Connect with us

Kerala

അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് യാത്ര കോഴിക്കോട്ട് നിന്ന്; കേന്ദ്ര മന്ത്രിയുടെ ഉറപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാരുടെ യാത്ര കാലിക്കറ്റ് എയര്‍പോര്‍ട്ട് വഴിയായിരിക്കുമെന്ന് കേന്ദ്ര ഹജ്ജ് ചുമതലയുള്ള ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഉറപ്പ് നല്‍കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.

കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ റണ്‍വേ നവീകരണം ആരംഭിച്ച 2015ലാണ് ഹജ്ജ് യാത്ര കൊച്ചി എയര്‍പോര്‍ട്ടിലേക്ക് മാറ്റിയത്. റണ്‍വേ നവീകരണം അടക്കമുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയ ഈ ഘട്ടത്തില്‍ ഹജ്ജ് യാത്ര കോഴിക്കോട്ട് നിന്ന് ആരംഭിക്കേണ്ടതിന്റെ അനിവാര്യത മന്ത്രിയെ ബോധ്യപ്പെടുത്തി. കാലിക്കറ്റ് എയര്‍പോര്‍ട്ടിനടുത്ത് വഖ്ഫായി നിര്‍മിച്ച വിശാലതയും സൗകര്യവുമുള്ള ഹജ്ജ് ഹൗസ് നിലവിലുണ്ട്. ആകെ തീര്‍ത്ഥാടകരില്‍ 83 ശതമാനത്തോളം പേരും വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരുമാണ്. ഈ സാഹചര്യത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട്ടേക്ക് പുനസ്ഥാപിക്കുന്നത് ഹജ്ജ് യാത്ര സുഖകരമാക്കാനും എല്ലാ ഒരുക്കങ്ങളും ഭംഗിയായി നിര്‍വഹിക്കാനും സഹായിക്കുമെന്നും മന്ത്രിയെ അറിയിച്ചു. തുടര്‍ന്ന് അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് യാത്ര കോഴിക്കോട്ട് നിന്ന് ക്രമീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.

ഹജ്ജ് എംബാര്‍ക്കേഷന്‍ കോഴിക്കോട്ടേക്ക് മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാറും ഹജ്ജ് കമ്മിറ്റിയും വിവിധ രാഷ്ട്രീയ പ്രതിനിധികളും സംഘടനകളും അധികൃതരെ സമീപിച്ചുവരികയായിരുന്നു. ഇക്കാര്യത്തില്‍ ശ്രമം നടത്തിയ ജനപ്രതിനിധികള്‍ക്കും വിവിധ സംഘടനാ ഭാരവാഹികള്‍ക്കും പ്രത്യേക കൃതജ്ഞത അറിയിക്കുന്നതായും സി മുഹമ്മദ് ഫൈസി പറഞ്ഞു. കേരള സംസ്ഥാന ഹജ്ജ് അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍, നൗഫല്‍ ഹുസൈന്‍ ഖുദ്‌റാന്‍, യഹ്‌യ പുല്ലാളൂര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ അനുഗമിച്ചു.

---- facebook comment plugin here -----

Latest