Connect with us

Kerala

ഓഖി: മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി

Published

|

Last Updated

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. മത്സ്യഫെഡിന്റെ മുട്ടത്തറയിലെ വല നെയ്ത്തുശാലയില്‍ 41 പേര്‍ക്കും കണ്ണൂരിലെ വല നെയ്ത്തു ഫാക്ടറിയില്‍ ഒരാള്‍ക്കുമാണ് ജോലി നല്‍കിയത്. പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാര്‍ തുടങ്ങിയ തീരമേഖലയിലുള്ളവര്‍ക്ക് മുട്ടത്തറ ഫാക്ടറിയിലും ഓഖിയില്‍ കാണാതായ കാസര്‍കോട് സ്വദേശി സുനില്‍കുമാറിന്റെ ഭാര്യക്ക് കണ്ണൂര്‍ ഫാക്ടറിയിലും ജോലി നല്‍കി. വലയുടെ അറ്റകുറ്റപ്പണികള്‍, ബോബിംഗ് വയന്‍ഡിംഗ് ജോലികളാണ് ഇവര്‍ക്ക് നല്‍കുക.

ഓഖി ദുരന്തത്തില്‍ പെട്ട് മരിച്ചവരുടേയും കാണാതായവരുടേയും കുടുംബങ്ങള്‍ക്കുള്ള 20 ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാര്‍ നല്‍കിയിരുന്നു. തീരദേശമേഖലയിലെ 200 പേരെ തീരദേശ പോലീസില്‍ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. തകര്‍ന്ന ബോട്ടുകള്‍ക്കും മത്സ്യബന്ധനഉപകരണങ്ങള്‍ക്കുമുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്തു.

ഓഖി ദുരിതബാധിതരുടെ മക്കള്‍ക്കുള്ള സൗജന്യവിദ്യാഭ്യാസ പദ്ധതിക്കും മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. മറൈന്‍ ആംബുലന്‍സ്, റസ്‌ക്യൂ സ്‌ക്വാഡ് , മത്സ്യത്തൊഴിലാളികള്‍ക്കുള്ള ലൈഫ് ജാക്കറ്റ്, നാവിക്, ആഴക്കടല്‍ മത്സ്യത്തൊഴിലാളികളുടെ ഫിഷറീസ് സ്‌റ്റേഷനുകള്‍ക്കുള്ള ആശയവിനിമയസംവിധാനം എന്നീ പദ്ധതികള്‍ കൂടി പുരോഗമിക്കുകയാണ്.

Latest