ഇന്ധന വില കുറക്കില്ലെന്ന് കേരളം; കേന്ദ്ര നിര്‍ദേശം സ്വീകാര്യമല്ലെന്ന് മന്ത്രി തോമസ് ഐസക്

Posted on: October 4, 2018 5:25 pm | Last updated: October 4, 2018 at 7:09 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ മുഴുവനായി കേന്ദ്ര സര്‍ക്കാര്‍ കുറക്കുമ്പോള്‍ സംസ്ഥാനം വില കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. എക്‌സൈസ് തീരുവ കേന്ദ്രം 12 തവണ കൂട്ടി. ഒമ്പത് രൂപ കൂട്ടിയിട്ടാണ് രണ്ടര രൂപ കുറച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പെട്രോളിനും ഡീസലിനും രണ്ടരരൂപ വീതം കുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. നികുതിയിനത്തില്‍ ഒന്നര രൂപ കേന്ദ്രം കുറക്കുന്നതോടൊപ്പം ഒരു രൂപ പെട്രോള്‍ കമ്പനികളും കുറക്കുമെന്നാണ് മന്ത്രി അറിയിച്ചത്. സംസ്ഥാന സര്‍ക്കാറുകളും രണ്ടര രൂപ മൂല്യവര്‍ധിത നികുതിയില്‍ ഉളവ് വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ വില കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനം ചോദിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.

കേന്ദ്ര തീരുമാനത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര,ത്രിപുര സംസ്ഥാനങ്ങള്‍ ഇന്ധന വില ലിറ്ററിന് 2.50 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു.