Connect with us

International

സൂകിയുടെ പൗരത്വം കാനഡ ഔദ്യോഗികമായി റദ്ദാക്കി

Published

|

Last Updated

ഒട്ടാവ: റോഹിംഗ്യന്‍ വംശജര്‍ക്കെതിരെ നടന്ന ക്രൂരകൃത്യങ്ങളുടെ പേരില്‍ മൗനം പാലിച്ച മ്യാന്മറിലെ ജനാധിപത്യവാദിയായി അറിയപ്പെടുന്ന ആംഗ് സാന്‍ സൂകിയുടെ പൗരത്വം കാനഡ ഔദ്യോഗികമായി റദ്ദാക്കി. കാനഡ പാര്‍ലിമെന്റാണ് ഇവര്‍ക്കുള്ള പൗരത്വം റദ്ദാക്കുന്നതിന് അനുമതി നല്‍കിയത്. കാനഡയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബഹുമാനസൂചകമായി നല്‍കുന്ന പൗരത്വം റദ്ദാക്കാന്‍ തീരുമാനിക്കുന്നത്.

പാര്‍ലിമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ എല്ലാവരും സംയുക്തമായി സൂകിയുടെ പൗരത്വം റദ്ദ് ചെയ്യുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. 2007ലാണ് ഇവര്‍ക്ക് കാനഡ ബഹുമാന സൂചകമായി പൗരത്വം അനുവദിച്ചിരുന്നത്. കഴിഞ്ഞയാഴ്ച കോമണ്‍ ഹൗസില്‍ വെച്ച് സമാനമായ രീതിയില്‍ വോട്ടെടുപ്പ് നടക്കുകയും സൂകിയുടെ പൗരത്വം റദ്ദ് ചെയ്യാന്‍ സഭ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് ഒരാഴ്ചക്ക് ശേഷമാണ് അപ്പര്‍ഹൗസും ഇവര്‍ക്കെതിരെ വോട്ട് രേഖപ്പെടുത്തിയത്. റോഹിംഗ്യന്‍ വംശജര്‍ക്കെതിരെ മ്യാന്മറില്‍ അരങ്ങേറിയത് തികഞ്ഞ വംശഹത്യയായിരുന്നുവെന്നും ഇതിനെ വംശഹത്യ എന്നല്ലാതെ വിളിക്കാന്‍ കഴിയില്ലെന്നും സെനറ്റര്‍ രത്‌ന ഒമിദ് വാര്‍ പറഞ്ഞു.

മ്യാന്മര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും വളരെ ആസൂത്രിതമായി റോഹിംഗ്യന്‍ വംശജരെ ഉന്മൂലനം ചെയ്യാന്‍ പ്രവര്‍ത്തിച്ചുവെന്ന് കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ആക്രമണത്തിനിടെ നിരവധി റോഹിംഗ്യനുകളെ വധിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയുംവീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.