നിലമ്പൂരില്‍ 110 കോടിയുടെ തുര്‍ക്കി കറന്‍സിയുമായി അഞ്ച് പേര്‍ പിടിയില്‍

Posted on: October 3, 2018 9:05 pm | Last updated: October 3, 2018 at 9:05 pm

മലപ്പുറം: ഇന്ത്യയില്‍ 110 കോടി രൂപ മൂല്യമുള്ള നിരോധിച്ച തുര്‍ക്കി കറന്‍സിയുമായി അഞ്ച് പേര്‍ നിലമ്പൂരില്‍ പിടിയില്‍. മലപ്പുറം പെരുമ്പടപ്പ് സ്വദേശി അബ്ദുസ്സലാം, ആലപ്പുഴ കായംകുളം സ്വദേശികളായ സന്തോഷ് കുമാര്‍, ശ്രീജിത്ത് കൃഷ്ണന്‍, എറണാകുളം വൈപ്പിന്‍ സ്വദേശി സലിം, പാലക്കാട് മുണ്ടൂര്‍ സ്വദേശി ജംഷീര്‍ എന്നിവരാണ് പിടിയിലായത്.

തുര്‍ക്കിയില്‍ നിരോധിച്ച അഞ്ച് ലക്ഷം മൂല്യമുള്ള ലിറയുടെ 198 കറന്‍സികളാണ് പിടികൂടിയത്. നിലമ്പൂര്‍ ടൗണില്‍ നിന്ന് ഗൂഡല്ലൂര്‍ വഴി കര്‍ണാടകയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കറന്‍സികള്‍ തുടര്‍ച്ചയായ സീരിയല്‍ നമ്പറിലുള്ളതാണ്. ഇത്തരം വിദേശ കറന്‍സികളുടെ വിനിമയവും വിതരണവും സംസ്ഥാനത്തിനകത്തും പുറത്തും വന്‍തോതില്‍ നടക്കുന്നതായി പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.