കാണാതെ പോകല്ലേ ഫാത്വിമയുടെ കരച്ചില്‍; ഒന്നര വയസ്സുകാരിക്ക് കരള്‍ അമിതമായി വളരുന്ന രോഗം, ചികിത്സക്ക് പണം കണ്ടെത്താനാകാതെ കുടുംബം

Posted on: October 3, 2018 5:42 pm | Last updated: October 3, 2018 at 7:51 pm

ആലപ്പുഴ: ആശുപത്രി കിടക്കയില്‍ കൈകാലിട്ടടിച്ച് വേദന സഹിക്കവയ്യാതെ നിലവിളിക്കുന്ന ഒന്നര വയസ്സുകാരി ഫാത്തിമയെ സന്ദര്‍ശിക്കുന്നവര്‍ക്ക് കണ്ണീര്‍ തുടച്ചല്ലാതെ അവിടെ നിന്ന് ഇറങ്ങാനാകില്ല. എല്ലാം സഹിച്ച് കരയാനിനി കണ്ണുനീരു പോലുമില്ലാതെ ഫാത്തിമയുടെ ഉമ്മ സുറുമി എന്ന ഇരുപത്കാരി കുഞ്ഞിനരികില്‍ ശിരസ് കുനിച്ചിരിപ്പാണ്. അല്ലെങ്കില്‍ തന്നെ മുതിര്‍ന്നവര്‍ക്ക് പോലും താങ്ങാനാകുമൊ ആറ് കീമോതെറാപ്പി കഴിഞ്ഞാലുണ്ടാകുന്ന വേദന? ഫാത്തിമ മോള്‍ക്ക് രോഗം ക്യാന്‍സറാണ്. കുഞ്ഞിന്റെ കരളിനെയാണ് അസുഖം ബാധിച്ചിരിക്കുന്നത്. വൈദ്യശാസ്ത്രം ഈ അസുഖത്തിന് നല്‍കിയിരിക്കുന്ന പേര് ഹിപ്പറ്റൊ ബ്ലാസ്‌റ്റോമ. കരള്‍ അമിതമായി വളരുന്ന രോഗം.

എറണാകുളത്തെ ലേക്‌ഷോര്‍ ആശുപത്രിയില്‍ കുറെ ദിവസം കുട്ടിയെ ചികിത്സിച്ചു. പ്രത്യേകിച്ച് തൊഴിലുകളൊന്നുമില്ലാത്ത കുഞ്ഞിന്റെ പിതാവ് ഷജീറിനെ ഇതിന് സഹായിച്ചത് സുമനസുകളാണ്. പിന്നീട് ചികിത്സ തിരുവനന്തപുരം ആര്‍ സി സിയിലേക്ക് മാറ്റി. അവിടെ ആറ് കീ മൊതെറാപ്പി കഴിഞ്ഞപ്പോള്‍ കുട്ടി തീരെ അവശയായി. ആര്‍ സി സി അധികൃതര്‍ ഉപദേശിച്ചു കുട്ടിയെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാന്‍. ഭക്ഷണത്തിന് പോലും വകയില്ലാത്ത ഫാത്തിമ മോളുടെ മാതാപിതാക്കള്‍ ചികിത്സാ ചെലവ് കേട്ട് ആകെ തളര്‍ന്നു. മുപ്പത് ലക്ഷം രുപ. മുഖത്തോടു മുഖം നോക്കി കരയുവാനെ അവര്‍ക്കായുള്ളൂ. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധാരന്റെ ചികിത്സയിലാണിപ്പോള്‍.

സ്വന്തമായി ഒരു കൂര പോലുമില്ലാത്ത ഈ ദരിദ്ര ദമ്പതികളുടെ കുഞ്ഞിന്റെ തുടര്‍ന്നുള്ള ചികിത്സക്കും അത് വഴി അവളെ വേദനയുടെ ലോകത്ത് നിന്നും കര കയറ്റി സുഖനിദ്ര പ്രദാനം ചെയ്യാനും മനുഷ്യസ്‌നേഹികള്‍ മനസ് വെച്ചാല്‍ സാധിക്കും. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ആന്ധ്ര ബാങ്കില്‍ സുറുമിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് സുമനസ്സുകളുടെ സഹായമയക്കാം.. അക്കൗണ്ട് നമ്പര്‍: 100810100065. ifsc code ANDB 0001008.