Connect with us

Sports

കോഹ്‌ലിപ്പട നാളെ ഇറങ്ങുന്നു; വീന്‍ഡീസ് ടെസ്റ്റ് പരീക്ഷണമാകില്ല

Published

|

Last Updated

മുംബൈ: ഏഷ്യാ കപ്പ് വിജയത്തിന് ശേഷം ഇന്ത്യ വീണ്ടും ടെസ്റ്റ് പരീക്ഷണത്തിലേക്ക് കടക്കുകയാണ്. ഇംഗ്ലണ്ടില്‍ ചതഞ്ഞില്ലാതായ പോരാട്ട വീര്യം തിരിച്ചുപിടിക്കുകയാണ് നാളെ രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. റാങ്കിംഗില്‍ ഇപ്പോഴും ഇന്ത്യ തന്നെയാണ് മുന്നില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇപ്പോള്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. പക്ഷേ, പതിറ്റാണ്ടുകള്‍ നീണ്ട ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച കാലം ഓര്‍ത്തെടുക്കാനുണ്ട് വിന്‍ഡീസിന്. 1948ന് ശേഷം വിന്‍ഡീസിനെതിരെ ഇന്ത്യ കളിച്ചത് 94 ടെസ്റ്റുകളാണ്. പതിനെട്ടത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 30 മാച്ചുകള്‍ വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കി. ശേഷിക്കുന്ന 46 ടെസ്റ്റുകള്‍ സമനിലയിലുമായി. ഇന്ത്യന്‍ മണ്ണില്‍ ആതിഥേയര്‍ക്കെതിരെ 45 ടെസ്റ്റ് കളിച്ചപ്പോള്‍ 14 എണ്ണത്തില്‍ വിന്‍ഡീസ് ജയിച്ചു. ഇന്ത്യക്ക് സ്വന്തം മണ്ണില്‍ നേടാനായത് 11 മാച്ചുകള്‍ മത്രം. 20 ടെസ്റ്റുകള്‍ സമനിലയില്‍. കാലം മാറി, കഥ മാറി. വെസ്റ്റ് ഇന്‍ഡീസ് ദുര്‍ബലരോ അപ്രസക്തരോ ആയി മാറിയിരിക്കുന്നു. അവരുടെ പ്രതാപ കാലത്തേക്ക് ഒരു തിരനോട്ടം…

1948-1960 പിച്ചവെക്കും കാലം
വിന്‍ഡീസിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് അരങ്ങേറുന്നത് 1948ല്‍ സ്വന്തം മണ്ണില്‍ വെച്ചായിരുന്നു. അഞ്ച് ടെസ്റ്റുകളുള്ള പരമ്പര 1-0ന് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കി. അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യ കരീബിയന്‍ മണ്ണിലേക്ക് കടന്ന് വെസ്റ്റ് ഇന്‍ഡീസിനെ നേരിട്ടപ്പോഴും ഫലം മറിച്ചായിരുന്നില്ല. 1-0ത്തിന് അതും വിന്‍ഡീസിനൊപ്പം. അക്കാലത്ത് ഇന്ത്യയെ ലാലാ അമര്‍നാഥും വിന്‍ഡീസിനെ ജോണ്‍ ഗുഡാര്‍ഡുമാണ് നയിച്ചത്. 1958ല്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയിലെത്തിയ കരീബിയന്‍ പട ആതിഥിയരെ 3-0ന് തോല്‍പ്പിച്ച് അഞ്ച് കളികളുള്ള പരമ്പര സ്വന്തമാക്കി.

1960- 1970 ബാലാരിഷ്ടത
പരാജയത്തില്‍ വാശിപൂണ്ട ഇന്ത്യ 1962ലാണ് പിന്നീട് വെസ്റ്റ് ഇന്‍ഡീസിനോട് ടെസ്റ്റ് കളിക്കുന്നത്. നരി കോണ്‍ട്രാക്ടറുടെ നേതൃത്വത്തില്‍ വിന്‍ഡീസിലെത്തിയ ഇന്ത്യ സര്‍ ഫ്രാങ്ക് വോറലിന്റെ ടീമിന് മുന്നില്‍ സാഷ്ടാംഗം അടിയറവ് പറയുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ തൂത്തുവാരി. അഞ്ച് വര്‍ഷത്തിന് ശേഷം മന്‍സൂര്‍ അലി ഖാന്‍ പട്ടോടിയുടെ നേതൃത്വത്തില്‍ സ്വന്തം മണ്ണില്‍ വിന്‍ഡീസിനെ നേരിട്ടപ്പോഴും 2-0ന് പരമ്പര കൈവിടുകയായിരുന്നു ഇന്ത്യ.

1970-1980 വിജയ ദശകം
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കരീബിയന്‍ ശക്തിക്ക് മേല്‍ തങ്ങളുടെ ആദ്യ ജയം എഴുതിച്ചേര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചത്. 1971ല്‍ അജിത് വദേക്കറുടെ നേതൃത്വത്തിലായിരുന്നു ആ ജയം. ബൗളിംഗില്‍ ഇ പ്രസന്നയും ബിഷന്‍ സിംഗ് ബേദിയും എസ് വെങ്കിട്ടരാഘവനും ബാറ്റിംഗില്‍ ദിലീപ് സര്‍ദേശായിയും സുനില്‍ ഗവാസ്‌കറും തിളങ്ങിയപ്പോള്‍ ഇന്ത്യക്ക് ആവേശകരമായ ജയം. ഒറ്റജയത്തോടെ 1-0ന് അതിഥി ടീം പരമ്പരയും സ്വന്തമാക്കി. എന്നാല്‍, 1974ല്‍ സ്വന്തം മണ്ണിലും 1976ല്‍ കരീബിയന്‍ മണ്ണിലും നടന്ന രണ്ട് പരമ്പരകളും ഇന്ത്യ കൈവിട്ടു. രണ്ട് പരമ്പരകളിലുമായി മൂന്ന് മത്സരങ്ങള്‍ ജയിക്കാന്‍ കഴിഞ്ഞു എന്നത് മാത്രമായിരുന്നു ഇന്ത്യയുടെ നേട്ടം. 1978ല്‍ ആറ് മത്സരങ്ങളുള്ള പരമ്പര ഹോം ഗ്രൗണ്ടില്‍ നടന്നപ്പോള്‍ 1-0ന് സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.
1980- 1990 നീളാത്ത ആശ്വാസം
എണ്‍പതുകളിലും വിന്‍ഡീസിന്റെ പരിപൂര്‍ണ ആധിപത്യമായിരുന്നു. നാല് പരമ്പര വിജയമാണ് അവര്‍ ഇന്ത്യക്കെതിരെ കുറിച്ചത്. 1982ല്‍ ലോകകപ്പിന് തൊട്ട് മുമ്പ് 2-0നും ലോകകപ്പിന് ശേഷം 3-0നും കരീബിയന്‍ പട ഇന്ത്യയെ കീഴടക്കി. 1987ല്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഒരോ മത്സരങ്ങള്‍ ജയിച്ച് കപ്പ് പങ്കിട്ടു. എന്നാല്‍, ആ ആശ്വാസം അധികം നീണ്ടില്ല. തൊട്ടടുത്ത വര്‍ഷം 3-0ന് സ്വന്തം മണ്ണില്‍ നടന്ന പരമ്പര വിന്‍ഡീസിന് കപ്പമായി കൊടുത്ത് ആ പതിറ്റാണ്ടിലെ കളി അവസാനിപ്പിച്ചു.

1990- 2002 തോല്‍വിക്ക് വിട
ഇന്ത്യന്‍ ക്രിക്കറ്റിന്റെ യൗവന കാലം. നൂറ്റാണ്ടിന്റെ അന്തിമ ദശകം. 1994ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ് കളിക്കാന്‍ വിന്‍ഡീസിന്റെ തട്ടകത്തിലേക്ക്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോന്നില്‍ ജയിച്ച് അതിഥികളും ആതിഥേയരും കപ്പ് പങ്കിട്ടു. 1996ല്‍ സച്ചിന്റെ നേതൃത്വത്തില്‍ ഇന്ത്യ വീണ്ടും വെസ്റ്റ് ഇന്‍ഡീസില്‍. മത്സരം കടുത്തതായിരുന്നെങ്കിലും പരമ്പര 1-0ന് ഇന്ത്യ കൈവിട്ടു. പക്ഷേ, അത് നൂറ്റാണ്ടിന്റെ സാക്ഷ്യമായിരുന്നു. പിന്നെയൊരു പരമ്പരയും ഇന്ത്യക്കെതിരെ നേടാന്‍ വെസ്റ്റ് ഇന്‍ഡീസിന് കഴിഞ്ഞിട്ടില്ല.

2002- 2018 കൈവിടാത്ത നൂറ്റാണ്ട്
കഴിഞ്ഞ 16 വര്‍ഷത്തിനിടെ കരീബിയന്‍ ടീമിനെതിരെ ഇന്ത്യ ആറ് ടെസ്റ്റ് പരമ്പരകള്‍ നേടി. 2002ല്‍ കാള്‍ ഹൂപ്പറിന്റെ ടീം പുതിയ നൂറ്റാണ്ടിന്റെ ഉദയത്തിന് ശേഷം ഇന്ത്യയിലെത്തുന്നു. സൗരവ് ഗാംഗുലി നയിക്കുന്ന ഇന്ത്യന്‍ ടീമിനെതിരെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയാണ് ലക്ഷ്യം. ആദ്യ രണ്ട് ടെസ്റ്റിലും അതിഥികളെ അനായാസം കീഴ്‌പ്പെടുത്തി 24 വര്‍ഷങ്ങള്‍ക്ക് ശേഷം വിന്‍ഡീസിനെതിരെ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടം. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം വിന്‍ഡീസിലേക്ക്. 1-0ന് പരമ്പരയുമായായിരുന്നു ദ്രാവിഡിന്റെ മടക്കം. 2011ല്‍ എം എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ പിന്നീട് കരീബിയന്‍ നാട്ടിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ ഒന്ന് ജയിച്ച് ഇന്ത്യ പരമ്പര നേടി.
അതേ വര്‍ഷം വിന്‍ഡീസ് ഇന്ത്യയിലെത്തി. 3-0ന് ഇന്ത്യക്കായിരുന്നു പരമ്പര. 2013ല്‍ സ്വന്തം മണ്ണില്‍ 2-0നും ഇന്ത്യ പരമ്പര നേടി. 2016ലാണ് ഇരു ടീമികളും അവസാനമായി ടെസ്റ്റ് കളിച്ചത്. വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യന്‍ നായകന്‍. കരീബിയന്‍ പടയെ 2-0ന് കോഹ്‌ലിപ്പട തുരത്തിയോടിച്ചു. വിന്‍ഡീസിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ടെസ്റ്റ് പരമ്പര ജയം. 2002ന് ശേഷം ഇന്ത്യക്കെതിരെ വിന്‍ഡീസിന് ഒരു പരമ്പരയും നേടാനായിട്ടില്ല. കളിച്ച 19 മാച്ചുകളില്‍ പത്തിലും ഇന്ത്യക്ക് ജയം. ശേഷിക്കുന്നവ സമനിലയിലും.

ആസ്‌ത്രേലിയക്ക് മുമ്പ് “ചിന്ന മത്സരം”
രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ രണ്ടാമത്തെ മത്സരം ഹൈദരാബാദിലാണ് നടക്കുക. ഇത് കൂടാതെ, അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യക്കെതിരെ വിന്‍ഡീസ് കളിക്കും. വിന്‍ഡീസിനെതിരായ പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ആസ്‌ത്രേലിയന്‍ പര്യടനമാണ്. അടുത്തമാസം യാത്ര തിരിക്കണം. ഇംഗ്ലണ്ട് പര്യടനം തോല്‍വിക്ക് ശേഷം ഏഷ്യാ കപ്പ് നേട്ടമാണ് ഇന്ത്യയുടെ ആത്മവിശ്വാസം. വിന്‍ഡീസ് കാര്യമായ വെല്ലുവിളിയല്ല. എന്നാല്‍, ആസ്‌ത്രേലിയന്‍ പര്യടനത്തിന് മുമ്പ് മികച്ച വിജയം വിരാട് കോഹ്‌ലിയും ടീമും ആഗ്രഹിക്കുന്നുണ്ട്. ശക്തരായ ആസ്‌ത്രേലിയയെ അവരുടെ മണ്ണില്‍ നേരിടാന്‍ ഇന്ത്യക്ക് അത് അത്യാവശ്യമാണ്.

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, പൃഥി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് ഷിറാജ്, ഷാര്‍ദുല്‍ താക്കൂര്‍.

ടെസ്റ്റ് 1-

ഒക്‌ടോബര്‍ 4- 8
രാജ്‌കോട്ട് ,

2- ഒക്‌ടോബര്‍ 12- 16 ഹൈദരാബാദ്

ഏകദിനം:

ഒക്‌ടോബര്‍ 21 ഗുഹാവത്തി
ഒക്‌ടോബര്‍ 24 ഇന്‍ഡോര്‍
ഓക്‌ടോബര്‍ 27 പുണെ
ഒക്‌ടോബര്‍ 29 മുംബൈ
നവംബര്‍ 1 തിരുവനന്തപുരം
ടി20
നവംബര്‍ 4 കൊല്‍ക്കത്ത
നവംബര്‍ 6 ലക്‌നോ
നവംബര്‍ 11 ചെന്നൈ

Latest