Connect with us

Kerala

നവകേരളം: സുന്നി സംഘടനകള്‍ 50 ലക്ഷം രൂപ നല്‍കി

Published

|

Last Updated

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സുന്നി സംഘടനകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സുന്നി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുന്നി സംഘടനകള്‍ സംയുക്തമായി സമാഹരിച്ച അരകോടി രൂപയുടെ ചെക്ക് കാന്തപുരം, പിണറായി വിജയന് കൈമാറി. 45 ലക്ഷം രൂപയുടെ ചെക്ക് ആണ് ഇന്നലെ കൈമാറിയത്. അഞ്ച് ലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു.

എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ പ്രളയബാധിത മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട.് ഇതോടൊപ്പമാണ് സര്‍ക്കാറിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും സഹകരിച്ച് പ്രവര്‍ത്തിക്കുക. പ്രളയക്കെടുതിയുണ്ടായ സമയത്ത് തന്നെ എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാന്തപുരം വിശദീകരിച്ചു. ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും പിന്നീട് ശുചീകരണം, പുനരധിവാസം എന്നിവയിലുമാണ് എസ് വൈ എസ് സാന്ത്വനം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. മൂന്നാംഘട്ടമെന്ന നിലയിലാണ് പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമാകുന്നത്. ഇതിന്റെ ഭാഗമായി ആയിരം വീടുകള്‍ നവീകരിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ചയില്‍ തന്നെ ആരംഭിക്കും.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പിന്തുണ തേടി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശ പര്യടനത്തില്‍ പ്രവാസിഘടകമായ ഐ സി എഫിന്റെ പ്രവര്‍ത്തകര്‍ സഹകരിക്കും. ഐ എസി എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംയുക്തമായി സമാഹരിച്ച തുകയാണ് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയത്.
കാന്തപുരത്തിന് പുറമെ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, എ സൈഫുദ്ദീന്‍ ഹാജി, പി എ മുഹമ്മദ് കുഞ്ഞി സഖാഫി, നേമം സിദ്ദീഖ് സഖാഫി, ഐ സി എഫ്. ജി സി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ എന്നിവരും പങ്കെടുത്തു.