പ്രധാനമന്ത്രിയുടെ സഹോദരന്മാരില്‍ ഒരാള്‍ ഓട്ടോക്കാരന്‍, മറ്റൊരാള്‍ പലചരക്കു കച്ചവടക്കാരന്‍: ബിപ്ലബ് കുമാര്‍

Posted on: October 1, 2018 8:30 pm | Last updated: October 1, 2018 at 8:30 pm

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പല ചരക്കു വ്യാപാരിയും മറ്റൊരാള്‍ ഓട്ടോ ഡ്രൈവറുമാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ലോകത്ത് എവിടെയെങ്കിലും ഇങ്ങനെ ഒരു പ്രധാനമന്ത്രി ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അഗര്‍ത്തലയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാമന്ത്രിയാകുന്നതിനു മുന്‍പ് 13 വര്‍ഷത്തോളം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചയാളാണ് മോദി. അദ്ദേഹത്തിന് പ്രായം ചെന്ന ഒരമ്മയുണ്ട്. എന്നാല്‍ അവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലല്ല താമസിക്കുന്നത്. മറിച്ച് ഒരു കുടുസ്സ് മുറിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ബിപ്ലബ് കുമാറിന്റെ പല പ്രസ്താവനകളും വിവാദത്തിലായിട്ടുണ്ട്. മഹാഭാരതകാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റ് സാങ്കേതികവിദ്യയും ഉപയോഗിച്ചിരുന്നുവെന്നതടക്കം പ്രസ്താവനകള്‍ വിവാദത്തിനൊപ്പം ചിരികൂടി പടര്‍ത്തുന്നതായിരുന്നു.