Connect with us

Gulf

രാജ്യാന്തര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശനത്തിന് അബുദാബിയില്‍ തുടക്കമായി

Published

|

Last Updated

അബുദാബി: രാജ്യാന്തര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ (അഡിഹെക്‌സ്) പ്രദര്‍ശനത്തിന് അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ തുടക്കമായി. അബുദാബി പടിഞ്ഞാറന്‍ പ്രവിശ്യ പ്രതിനിധിയും എമിറേറ്റ്സ് ഫാല്‍ക്കനേഴ്‌സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ തുടങ്ങിയ പ്രദര്‍ശനം ഈ മാസം 29ന് അവസാനിക്കും.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ പൈതൃകം ആഘോഷിക്കുന്നതാണ് ഇത്തവണത്തെ അഡിഹെക്‌സ്. എമിറേറ്റ്സ് ഫാല്‍ക്കനേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അബുദാബി പരിസ്ഥിതി ഏജന്‍സി, ഇന്റര്‍നാഷനല്‍ ഫണ്ട് ഫോര്‍ ഹുബാറ കണ്‍സര്‍വേഷന്‍, അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ്, കള്‍ചറല്‍ പ്രോഗ്രാം ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണു പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

ഒട്ടേറെ പ്രാദേശിക രാജ്യാന്തര കമ്പനികളുടെ വേട്ട ഉപകരണങ്ങള്‍, ടൂറിസം, സഫാരി, ആയുധങ്ങള്‍, സമുദ്ര സ്പോര്‍ട്സ്, ആര്‍ട്സ്, ക്രാഫ്റ്റ്സ് എന്നിവ പ്രദര്‍ശനത്തിലുണ്ട്. അറേബ്യ വേട്ടപ്പട്ടികളുടെ സൗന്ദര്യ മല്‍സരം, ഫാല്‍ക്കന്‍ മല്‍സരം, കുതിരാഭ്യാസ പ്രകടനം, പേ പട്ടികള്‍, പക്ഷികള്‍, ഫാല്‍ക്കനുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിര്‍ജിന്‍ മെഗാസ്റ്റോറിലനിന്ന് അഡിഹെക്‌സിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കും. ആദ്യമായാണ് അഡിഹെക്‌സ് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വില്‍പനക്ക് എത്തുന്നത്. അറേബ്യന്‍ കുതിരകളുടെ ബ്യൂട്ടി ഷോ, ഫാല്‍ക്കണ്‍ മത്സരങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള വിദ്യാഭ്യാസ മത്സരങ്ങള്‍, നറുക്കെടുപ്പ് സമ്മാനങ്ങളും ഉണ്ടാകും. നായകള്‍, വിവിധ പക്ഷികള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. മൃഗങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒട്ടകലേലത്തില്‍ പെങ്കടുക്കാം. അമ്പയ്ത്ത്, ഷൂട്ടിങ് തുടങ്ങിയവയിലും പങ്കാളികളാകാം.
കുട്ടികളുടെ വിജ്ഞാന സ്ഥലം ഇത്തവണത്തെ അഡിഹെക്‌സിന്റെ പ്രത്യേകതയാണ്. ശില്‍പശാലകള്‍, ഗെയിമുകള്‍, പരിസ്ഥിതി ബോധവത്കരണ പരിപാടികള്‍ എന്നിവയും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.

അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, അജ്മാന്‍ കിരീട അവകാശിയും, അജ്മാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, സയ്യിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനും അബുദാബി സ്‌പോര്‍ട്ട് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ഇന്നലെ പ്രദര്‍ശന നഗരി സന്ദര്‍ശിച്ചു.

Latest