Connect with us

Articles

ഉമര്‍ഖാസി എന്ന ചരിത്രപുരുഷന്‍

Published

|

Last Updated

മമ്പുറം സയ്യിദ് അലവിതങ്ങള്‍, ഉമര്‍ഖാസി (റ), ആലി മുസ്‌ലിയാര്‍, എം പി നാരായണ മേനോന്‍, മുഹമ്മത് അബ്ദുറഹിമാന്‍ സാഹിബ്, മോഴിക്കുന്നം നമ്പൂതിരി തുടങ്ങിയ വീരേതിഹാസ പുരുഷന്മാര്‍ക്ക് സ്വാതന്ത്ര്യ സമരചരിത്രത്തില്‍ സ്ഥാനമെന്താണ്?
ചരിത്രം വിസ്മരിച്ച ദേശീയ നായകരില്‍ അഗ്രഗണ്യനാണ് സാമൂഹിക പരിഷ്‌കര്‍ത്താവായ വെളിയങ്കോട് ഉമര്‍ഖാസി (റ). സ്വാതന്ത്ര്യസമരസേനാനി, സാമൂഹിക പരിഷ്‌കര്‍ത്താവ്, രാഷ്ട്രീയക്കാരന്‍, മതേതരവാദി, പണ്ഡിതന്‍, ന്യായാധിപന്‍, നിമിഷകവി, സാഹിത്യകാരന്‍, സമരയോദ്ധാവ്, സൂഫിവര്യന്‍, ചികിത്സകന്‍ എന്നിവയെല്ലാമായിരുന്നു. ഉമര്‍ഖാസി (റ)യുടെ പ്രവാചക വൈദ്യവും യൂനാനി ചികിത്സയും പ്രസിദ്ധമായിരുന്നു.

അക്കാലത്തെ ഏറ്റവും മുഖ്യപ്രശ്‌നം നാടിന്റെ സ്വാതന്ത്ര്യം ആണെന്ന് തിരിച്ചറിഞ്ഞ് വിമോചന വീണ്ടെടുപ്പിനായി നിലപാടെടുത്തു. വിദേശ ഭരണമേലാളന്മാരുടെ അന്യായത്തിനും ധിക്കാരത്തിനുമെതിരെ പ്രക്ഷോഭം നടത്തുകയും പ്രവര്‍ത്തിക്കുകയും, പോരാടുകയും ചെയ്ത ആ വിപ്ലവകാരിയുടെ വീരേതിഹാസം രോമാഞ്ചജന്യമാണ്. എന്നിട്ടും സ്വാതന്ത്ര്യസമരചരിത്ര ഘടനയില്‍ ചരിത്രമെഴുതുമ്പോള്‍ നമ്മുടെ ചരിത്രകാരന്മാര്‍ ഉമര്‍ഖാസിയെ അവഗണിച്ചു. ബ്രിട്ടീഷുകാര്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യ കൊള്ളചെയ്തവരാണ്. ഇംഗ്ലീഷ് സംസാരിച്ച്, ഹാറ്റും സ്യൂട്ടും ധരിച്ചും മാന്യത നടിച്ച് കച്ചവടത്തിനെന്ന വ്യാജേന വന്നവര്‍ ഇന്ത്യയോടും, ഇന്ത്യക്കാരോടും കൊള്ളക്കാരെപോലെ പെരുമാറി. കേവലം 300 കൊല്ലത്തെ വാഴ്ചക്കാലം ഇന്ത്യയെ തുലച്ചു. അന്നത്തെ ലക്ഷക്കണക്കിന് വിലവരുന്ന വൈഡൂര്യങ്ങളും സ്വര്‍ണവും നിസ്തുലമായ വസ്തുവഹകളും ഇന്ത്യയില്‍ നിന്നവര്‍ കടത്തി. ലോകചരിത്രത്തില്‍ വ്യാപാരങ്ങളിലൂടെ ഇത്രയും വലിയൊരു സമ്പന്നരാജ്യം തന്ത്രപൂര്‍വം അധീനപ്പെടുത്തി എന്ന പുതിയ സംഭവം മാത്രമല്ല ആ ആധിപത്യത്തിലേത.്

അനാരോഗ്യത്തിന്റെ ബീജാവാപം നടത്തിയ അവരുടെ ഭൗദ്ധിക കുതന്ത്രങ്ങളെ മുന്‍കൂട്ടി കണ്ടറിഞ്ഞ ഭിഷഗ്വരദാര്‍ശനികന്‍ കൂടിയാണ് ഉമര്‍ഖാസി.
ഒരു മതേതരവാദി ആയിരുന്ന അദ്ദേഹം ഇന്ത്യയിലെ സകല മതസ്ഥരേയും ഒരു ജനതയായും ഇംഗ്ലീഷുകാരെ ഈ നാടിന്റെ ശത്രുവായും പരിഗണിച്ചു. അല്ലാഹുവിനോടും പ്രവാചകരോടുമുള്ള നിരുപമമായ സ്‌നേഹാദരവുകള്‍ ഉമര്‍ഖാസി കവിതകളുടെ ആത്മാവാകുന്നു. അറബി കാവ്യശൈലിയുടെ ഉദാത്ത ഉദാഹരണമാണ് അദ്ദേഹം. താന്‍ സര്‍വസ്വത്തിനേക്കാളും സ്‌നേഹിക്കുന്ന നബി (സ) യുടെ റൗളാ ശരിഫില്‍ ഏറെനേരം പ്രാര്‍ത്തനയില്‍ മുഴുകി നില്‍ക്കുന്ന ചരിത്ര പുരുഷന്റെ ഹൃദയത്തില്‍ നിന്നും ആ പുണ്യാത്മാവിനോടുള്ള സ്‌നേഹം അണപൊട്ടി ഒഴുകി ചൊല്ലിയ കവിതാസമാഹാരം “”സല്ലല്‍ ഇലാഹുബൈത്ത്”” ലോകപ്രശസ്തമാണ്. ഈ ബൈത്ത് “”ഖസ്വീദത്തുല്‍ ഉമരിയ്യ”” എന്ന പേരിലാണ് അറബു നാടുകളില്‍ അറിയപ്പെടുന്നത്.
മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം ശാസ്ത്രീയമായി ആരംഭിക്കുന്നതിന്റെ എത്രയോ ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് ഉമര്‍ഖാസി നികുതി നിഷേധ പ്രസ്ഥാനം ആരംഭിച്ചത്. അത് സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമായിരുന്നു. 1815-16 കാലഘട്ടത്തില്‍ തുക്കിടി നിതുസാഹിബിന്റെ മുഖത്ത് നോക്കി നിങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ റവന്യൂ വരുമാനമായ നികുതി തരില്ല എന്നും, നിങ്ങള്‍ രാജ്യംവിട്ടുപോകണമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചാവക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ജയില്‍വാസം അനുഭവിക്കുകയും പീഡനങ്ങളും ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. അങ്ങനെ ഉമര്‍ഖാസി (റ) ഇന്ത്യാചരിത്രത്തിലെ പ്രഥമ നികുതി നിഷേധ നിസ്സഹകരണത്തിന്റെ പോരാളിയായി.
പൊന്നാനി താലൂക്കില്‍ വെളിയങ്കോട് ഗ്രാമത്തില്‍ ഖാസിയാരകത്ത് കാക്കത്തറയില്‍ ആലി മുസ്‌ലിയാരുടെയും ആമിന എന്ന മഹതിയുടെയും ദാമ്പത്യത്തില്‍ പുഷ്പിച്ച ഒരു നാടിന്റെ പൂമാനമാണ് ഉമര്‍ഖാസി. ക്രിസ്ത്വാബ്ദം 1765, 1177 റബീഉല്‍ അവ്വല്‍ 10ന് ജനനം. 1852-ല്‍ മരണപ്പെട്ടു.