പച്ചക്കറി വില കുതിക്കുന്നു

Posted on: August 19, 2018 9:27 am | Last updated: August 19, 2018 at 11:55 am

കോഴിക്കോട്: തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ചരക്കുകള്‍ എത്താതായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം പ്രാദേശിക തലത്തിലുള്ള പച്ചക്കറികളും വിപണിയില്‍ എത്താതായതാണ് വില കുതിച്ചുയരാന്‍ കാരണമായിരിക്കുന്നത്.

താമരശ്ശേരി, കുറ്റിയാടി ചുരങ്ങള്‍, വാളയാര്‍ ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലൂടെയായിരുന്നു പ്രധാനമായും പച്ചക്കറി സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരുന്നത്. കനത്ത മഴയില്‍ ചുരങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായതോടെ ഇത് വഴിയുള്ള ചരക്ക് നീക്കം പൂര്‍ണമായും നിലച്ചു. ഇതേ തുടര്‍ന്ന് കാരറ്റ്, പച്ചമുളക്, തക്കാളി എന്നിവക്ക് വില കുതിച്ച് കയറുകയാണ്. നേരത്തെ 50 രൂപ വരെയുണ്ടായിരുന്ന കാരറ്റിന് ഇപ്പോള്‍ പല സ്ഥലങ്ങളിലും 70 രൂപ വരെയെത്തി. പത്ത് രൂപക്ക് ലഭിച്ചിരുന്ന കിലോ തക്കാളി 25 രൂപക്ക് വരെയാണ് വില്‍പ്പന. പച്ചമുളകിന് 40ല്‍ നിന്ന് 60 രൂപയായി.

ഓണവും പെരുന്നാളും മുന്നില്‍ നില്‍ക്കെയാണ് അന്യസംസ്ഥാനത്ത് നിന്നുള്ള പച്ചക്കറിയുടെ വരവ് നിലച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം ഭാഗങ്ങളില്‍ റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് അത് വഴി ചരക്കെത്തുന്നതിന് തടസ്സമായി നില്‍ക്കുകയാണ്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്ക് ചരക്കുമായി വന്ന ലോറികള്‍ വാളയാറില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
കോഴിക്കോട്ടെ പ്രധാന മാര്‍ക്കറ്റായ പാളയത്തും പച്ചക്കറി സ്റ്റോക്ക് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതും അവസാനിച്ചാല്‍ ജില്ലയിലും കടുത്ത പച്ചക്കറി ക്ഷാമം അനുഭവപ്പെടും.

അധിക വില ഈടാക്കിയാല്‍
അറിയിക്കുക: പോലീസ്
തിരുവനന്തപുരം: പ്രളയത്തിന്റെ മറവില്‍ അവശ്യവസ്തുക്കള്‍ക്ക് ഉയര്‍ന്ന വില ഈടാക്കിയാല്‍ അടുത്തുള്ള സ്റ്റേഷനില്‍ അറിയിക്കാന്‍ നിര്‍ദേശവുമായി കേരള പോലീസ്. വില കൂട്ടുന്ന കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്കുള്‍പ്പെടെ പ്രളയക്കെടുതിയില്‍ ചില കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി ദുരന്തത്തെ ചൂഷണം ചെയ്യുന്നതായി രക്ഷാ പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന് 60 രൂപ വരെയും കിലോ അരിക്ക് 100രൂപവരെയും ഈടാക്കുന്നുണ്ടെന്നാണ് പരാതി. ക്യാമ്പിലേക്കുള്ള അവശ്യവസ്തുക്കള്‍ക്കാണ് ഇത്തരത്തില്‍ അമിത വില ഈടാക്കുന്നത്.