Connect with us

Ongoing News

ചുറുചുറുക്കിന് പിന്നില്‍ യോഗയും സസ്യാഹാരവും

Published

|

Last Updated

ചെന്നൈ: ചിട്ടയായ രാഷ്ട്രീയക്കാരനായ മുത്തുവേല്‍ കരുണാനിധി ദൈനംദിന ജീവിതത്തിലും അടുക്കും ചിട്ടയും പുലര്‍ത്തിയ സാധാരണക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതക്രമം തുടങ്ങുന്നതിങ്ങനെ: പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കും. ചെന്നൈ ഗോപാലപുരത്തെ വസതിയില്‍ ഉറക്കമെഴുന്നേറ്റ ഉടന്‍ അദ്ദേഹം യോഗയിലേക്ക് തിരിയും. യോഗയും സസ്യാഹാരവുമായിരുന്നു കരുണാനിധിയിലെ ചുറുചുറക്കിന് അടിസ്ഥാനം. 40 വയസ്സ് വരെ മാംസഹാരിയായിരുന്നു. പിന്നീട് പൂര്‍ണ വെജിറ്റേറിയനായി. എഴുന്നേറ്റ ഉടനെ കണ്ണ് തിരുമ്മി തന്റെ ട്രേഡ്മാര്‍ക്കായ കറുത്ത കണ്ണട വെക്കും. ശേഷം തിരുക്കുറള്‍ ഉരുവിടും. ആറ് മണി ആകുമ്പോഴേക്കും പത്രവായന. സഹായി വായിക്കുന്ന വാര്‍ത്തകള്‍ സാകൂതം കേട്ടിരിക്കും. ഇടക്കിടെ വാര്‍ത്തകളിലെ വ്യക്തികളെ കളിയാക്കാനും മടിക്കില്ല.

ഏഴ് മണി ആകുന്നതോടെ പ്രാതല്‍ എത്തും. ഉപ്പുമാവ് നെയ്യും കൂട്ടി കുഴച്ച് രുചിയോടെ കഴിക്കും. പിന്നാലെ മാരന്‍ സഹോദരന്‍മാര്‍ (കലാനിധിയും ദയാനിധിയും) കരുണാനിധിക്കൊപ്പം പ്രാതലിന് ചേരും. പിന്നെ കുശലപ്രശ്‌നങ്ങള്‍ ചോദിക്കും. ശേഷം രാഷ്ട്രീയ തിരക്കുകളിലേക്ക്.
ഉച്ചക്ക് കൃത്യം ഒരു മണിക്ക് ഊണ്‍ തയ്യാര്‍, യൗവന കാലത്ത് കോഴിയും ആടും കൂട്ടിയായിരുന്നു ഊണെങ്കില്‍ പിന്നീട് പച്ചക്കറി വിഭവങ്ങളായി. ഒരു മണി അരി പോലും പാത്രത്തില്‍ മിച്ചം വെക്കാതെയാണ് കലൈഞ്ജര്‍ ഭക്ഷണം കഴിക്കുക. ഒന്നര മുതല്‍ അല്‍പ്പം വിശ്രമിക്കും. ചെറിയൊരു മയക്കം.

3.30ന് ഉണര്‍ന്നെണീക്കുമ്പോള്‍ സഹായി ഒരു നോട്ട് പാഡുമായി നില്‍പ്പുണ്ടാവും. പിന്നെ എന്തെങ്കിലും കുറിക്കും. കവിത എഴുത്തും മറ്റു രചനകളുമായി എന്തെങ്കിലും ചിന്തകളില്‍ വിരാചിക്കും. 4.30ന് രാഷ്ട്രീയവും മറ്റു കാര്യങ്ങളുമൊക്കെ ചര്‍ച്ച ചെയ്യും. അതിനിടെ ഫോണ്‍ പലതവണ റിംഗ് ചെയ്തിട്ടുണ്ടാകും. ആറ് മണിയാകുന്നതോടെ ടി വിക്ക് മുന്നിലേക്ക് കണ്ണും നട്ടിരിക്കും. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയും എം ജി ആറും ഒന്നിച്ചുള്ള ഗാനരംഗങ്ങള്‍ വരുമ്പോള്‍ കലൈഞ്ജര്‍ അസ്വസ്ഥനാകും. എന്തൊക്കയോ പിറുപിറുക്കും.
രാത്രി 8.30ന് അത്താഴം കഴിക്കും കുടുംബത്തിലെ ഒട്ടുമിക്ക അംഗങ്ങളും അത്താഴത്തിനുണ്ടാകും. മക്കളോടൊക്കെ കാര്യങ്ങള്‍ ചോദിക്കും. പിന്നീട് വീണ്ടും കിടപ്പുമുറിയിലേക്ക്.

---- facebook comment plugin here -----

Latest