അസ്ഹരി മിയ: ബറേല്‍വി താവഴിയെ ജ്വലിപ്പിച്ച പണ്ഡിതന്‍

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരു നൂറ്റാണ്ടു മുമ്പ് സമാനതകളില്ലാത്ത നേതൃത്വം നല്‍കിയ അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ പേരമക്കളിലൊരാളാണ് അസ്ഹരി മിയ എന്ന അപരനാമത്തില്‍ വിശ്രുതനായ അഖ്തര്‍ റസാഖാന്‍ ബറേല്‍വി. അദ്ദേഹത്തിന്റെ വിയോഗത്തോടെ ബറേല്‍വി എന്ന ദേശത്തിന്റെ, അറിവിന്റെയും ആത്മീയതയുടെയും ഒരു സുവര്‍ണ ദശയാണ് അവസാനിച്ചത്.
Posted on: July 29, 2018 4:30 pm | Last updated: July 29, 2018 at 4:47 pm
SHARE

ഇന്ത്യന്‍ മുസ്‌ലിംകളുടെ ആത്മീയവിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ അഖ്തര്‍ റസാഖാന്‍ ബറേല്‍വിയുടെ വിടപറച്ചില്‍ പണ്ഡിതലോകത്തിന് വലിയ നഷ്ടമാണ്. അസ്ഹരി മിയ എന്ന അപരനാമത്തില്‍ വിശ്രുതനായിരുന്നു. ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പതിറ്റാണ്ടുകളുടെ സൗഹൃദവും ബന്ധവുമുണ്ട് അദ്ദേഹവുമായി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മുസ്‌ലിംകളുടെ പുരോഗതിക്കായി പണ്ഡിതോചിതമായി മുന്നോട്ടു നീങ്ങിയിരുന്ന വ്യക്തിത്വം. അദ്ദേഹം അധ്യക്ഷനായ യോഗത്തിലായിരുന്നു അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് രൂപവത്കരണം.

അന്ന്, കേരളത്തിലെ മദ്‌റസ സംവിധാനത്തെ കുറിച്ച് ശില്‍പ്പികളില്‍ ഒരാള്‍ കൂടിയായ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വിശദീകരിച്ചപ്പോള്‍ അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. തുടര്‍ന്ന്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മതപഠന സംവിധാനത്തിന്റെ സവിശേഷതകളും എങ്ങനെ ആധുനികവും ശാസ്ത്രീയവുമായി മദ്‌റസാ വിദ്യാഭ്യാസം സജീവമാക്കാം എന്നത് സംബന്ധിച്ചും അസ്ഹരി മിയ കുറേ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. വളരെ പ്രധാനപ്പെട്ട ആ നിര്‍ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതികള്‍ തയ്യാറാക്കിയതും രാജ്യത്തൊട്ടാകെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വ്യാപിച്ചതും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ വലിയ തുണയായിരുന്നു. ദേശീയ തലത്തില്‍ ഈ സംഘടനയുടെ നേതാക്കളില്‍ പലരും അസ്ഹരി മിയയുടെ ശിഷ്യന്മാരുമാണ്.

മഹത്തായ കുടുംബ പാരമ്പര്യത്തിലാണ് അസ്ഹരി മിയയുടെ ജനനം. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരു നൂറ്റാണ്ടു മുമ്പ് സമാനതകളില്ലാത്ത നേതൃത്വം നല്‍കിയ അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ പേരമക്കളിലൊരാളാണ്. അഹ്മദ് റസാഖാന്‍ ബറേല്‍വി ആത്മീയ നേതാവായിരുന്നു. ജ്ഞാനിയും കവിയും സൂഫിയുമായിരുന്നു. മുഹമ്മദ് നബി (സ്വ)യോടുള്ള സ്‌നേഹത്തിന്റെ പാരമ്യത വരികളിലൂടെ ആവിഷ്‌കരിച്ച മഹാനായിരുന്നു. ഈ കുടുംബ താവഴിക്ക് ഇന്ത്യയിലെ സൂഫി ഇസ്‌ലാമിനെ സജീവമാക്കുന്നതിലും ബിദഈ ചിന്തകളെ പ്രതിരോധിക്കുന്നതിലും വലിയ പങ്കുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ മുഴുവന്‍ ആധ്യാത്മികമാക്കി സജീവമാക്കിയവര്‍.
അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ പിതാവ് അല്ലാമാ നാഖി അലി ഖാന്‍ വലിയ പണ്ഡിതനായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് അഹ്മദ് റസാഖാന്‍ പ്രാഥമിക വിദ്യ നേടുന്നത്. ഉയര്‍ന്ന ബുദ്ധിശക്തിയും കുടുംബപരമായ ആത്മീയ മേഖലയുമായുള്ള ബന്ധവും പണ്ഡിതന്മാരുമായുള്ള സഹവാസവും ഒക്കെ വളരെ ചെറിയ പ്രായത്തിലേ ജ്ഞാനിയെന്ന വിശേഷണത്തിലേക്ക് അഹമദ് റസാഖാന്‍ ബറേല്‍വിയെ മാറ്റി. പതിനാലാം നൂറ്റാണ്ടിലെ മുജദ്ദിദ് എന്നാണ് സമകാലിക പണ്ഡിതന്മാര്‍ അദ്ദേഹത്തെ വിളിച്ചത്. തുടര്‍ന്ന്, ഉത്തരേന്ത്യയുടെ മുഴുവന്‍ ആധ്യാത്മിക സ്വഭാവത്തെ ഉറച്ച സുന്നി വിശ്വാസത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതില്‍ അദ്ദേഹം നിലപാടുകള്‍ എടുത്തു. സലഫിസത്തിന്റെ ശരിയല്ലാത്ത മതവ്യാഖ്യാനങ്ങളെ ശക്തമായി പ്രതിരോധിച്ചു. കേരളത്തിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചാലകശക്തിയും മഹാനായ രചയിതാവുമായിരുന്ന അഹ്മദ് കോയ ശാലിയാത്തിയെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട് അഹ്മദ് റസാ ഖാന്‍ ബറേല്‍വി.

എങ്ങനെയാണ് ബറേലി എന്ന ദേശം ഇന്ത്യന്‍ മുസ്‌ലിംകളുടെ വൈജ്ഞാനിക ആധ്യാത്മിക പരിസരങ്ങളെ വിപുലീകരിച്ചത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. ഉഷ സന്യാലിനെ പോലുള്ളവര്‍ ദീര്‍ഘമായ അന്വേഷണ രചനകള്‍ നടത്തിയിട്ടുണ്ട്. ഇസ്‌ലാമിക ആധ്യാത്മികതയുടെ കേന്ദ്രമായി നിലകൊണ്ട്, വ്യതിയാന ചിന്തകളുടെ വേരറുത്ത് ശോഭിക്കുകയാണ് ഈ ദേശമിന്നും. കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ഇവിടുത്തെ ആത്മീയ നേതൃത്വമായിരുന്നു താജുശ്ശരീഅഃ അസ്ഹരി മിയ.

1941ലാണ് അസ്ഹരി മിയയുടെ ജനനം. പാണ്ഡിത്യത്തിന്റെ ഗരിമയും പ്രൗഢിയും നിറഞ്ഞ സ്വകുടുംബം, ഉത്തമമായ ഭാവിയിലേക്ക് നയിക്കുകയായിരുന്നു അദ്ദേഹത്തെ. നാട്ടിലെ പഠനത്തിന് ശേഷം ഉന്നത വിജ്ഞാനം നേടാനും ലോക മുസ്‌ലിംകളുടെ വൈജ്ഞാനിക രീതിശാസ്ത്രം മനസ്സിലാക്കാനും 1963ല്‍ ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് പോയി. ആ പഠനം അറബി ഭാഷയെ ഏറ്റവും മനോഹരമായി ഉപയോഗിക്കാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കി. തഫ്‌സീറിലും ഫിഖ്ഹിലും ഹദീസിലും തസവ്വുഫിലും എല്ലാം ഉന്നത ജ്ഞാനം നേടി. അസ്ഹറില്‍ നിന്ന് സ്വര്‍ണ മെഡല്‍ നേടിയായിരുന്നു കോഴ്‌സ് പൂര്‍ത്തീകരിച്ചത്. അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസര്‍ ആണ് ഈ അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിച്ചത്.

തുടര്‍ന്ന് ജന്മദേശത്തേക്കു മടങ്ങി. അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ മാതൃകയില്‍ പഠനവും ദര്‍സും ഫത്‌വ നല്‍കലും ആധ്യാത്മിക സംഗമങ്ങളുടെ നേതൃത്വവും ഒക്കെയായി തുടര്‍ന്നു. വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ അനര്‍ഘ കേന്ദ്രമായിരുന്ന ഗുരുവും ഉപദേശകനും വഴികാട്ടിയുമായിരുന്നു അസ്ഹരി മിയ.

ഗംഭീരമായ ഭാഷാ ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. മര്‍കസിലെ ഒരു സമ്മേളനത്തിന് അതിഥിയായി വന്നപ്പോള്‍ ഒരു മണിക്കൂര്‍ ദീര്‍ഘമായി അറബിയില്‍ പ്രസംഗിച്ചത് സദസ്സിലുണ്ടായിരുന്ന പണ്ഡിതന്മാരെയൊക്കെ വിസ്മയിപ്പിച്ചു. മുസ്‌ലിമിന്റെ സ്വഭാവ വൈശിഷ്ട്യം എങ്ങനെ മനോഹരമാക്കി സമൂഹത്തെ യഥാര്‍ഥ മതത്തിന്റെ സന്ദേശങ്ങള്‍ പഠിപ്പിക്കണം എന്നതായിരുന്നു ആ സംസാരത്തിന്റെ കാതല്‍. കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളോട് താത്പര്യവും മതിപ്പുമായിരുന്നു. കാന്തപുരം ഉസ്താദിനെ കാണുമ്പോഴൊക്കെ മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുമായിരുന്നു.

നിരവധി ശിഷ്യന്മാരുണ്ട് അസ്ഹരി മിയക്ക്. ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ് ആയിരുന്നു. ആത്മീയതക്ക് പ്രാധാന്യം നല്‍കുന്ന ജീവിതരീതിയായിരുന്നു. ശിഷ്യന്മാരുടെയും അനുയായികളുടെയും സ്വഭാവത്തില്‍ അത് കാണാം. സമാധാനത്തിന്റെ മതഭാവത്തെയാണ് മഹാന്‍ ഉയര്‍ത്തിപ്പിടിച്ചത്. അതുകൊണ്ടു തന്നെ സലഫിസം പോലുള്ള ഇസ്‌ലാമിനെ തെറ്റായി അവതരിപ്പിക്കുന്ന രീതികളോട് അദ്ദേഹം ശക്തമായി വിയോജിച്ചു. ഇന്ത്യന്‍ മുസ്‌ലിംകളെ, വിശേഷിച്ചും ഉത്തരേന്ത്യയിലെ ദശലക്ഷക്കണക്കിന് മുസ്‌ലിംകളെ ഇസ്‌ലാമിന്റെ യഥാര്‍ഥ പാതയിലൂടെ നയിക്കുന്നതില്‍ വലിയ പങ്കുണ്ടായിരുന്നു അദ്ദേഹത്തിന്. യൂറോപ്പിലും അമേരിക്കക്കയിലുമെല്ലാം അതിന്റെ ധാരകള്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തെ സ്വാധീനമുള്ള അഞ്ഞൂറ് മുസ്‌ലിം നേതാക്കളില്‍ പ്രബല സ്ഥാനീയനായി ജോര്‍ദാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.

ഇബാദത്തുകളില്‍ കഴിയുന്ന സൂക്ഷ്മത നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ആത്മീയ വഴി ഇഷ്ടപ്പെട്ടു. എന്നാല്‍, ആവശ്യമുള്ള ഘട്ടങ്ങളില്‍ മതത്തിന്റെ നിലപാട് തുറന്നുപറഞ്ഞു. ഖാദിരിയ്യക്ക് പുറമെ മറ്റനേകം ത്വരീഖത്തുകളുടെയും ഗുരുവായിരുന്നു. വിവിധ വിഷയങ്ങളിലെ അദ്ദേഹം നല്‍കിയ ഫത്‌വകള്‍ ശ്രദ്ധേയമാണ്. ഹനഫി കര്‍മശാത്രത്തിന്റെ എല്ലാ മേഖലകളിലും അഗാധമായ പരിജ്ഞാനം ഉണ്ടായിരുന്നു. മതത്തിന്റെ സൂക്ഷ്മതയുടെ അംശം പറയുന്ന ഫതാവകളായിരുന്നു അവ.

അറിയപ്പെട്ട എഴുത്തുകാരനായിരുന്നു അസ്ഹരി മിയ. അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായി അറുപതോളം രചനകള്‍ നടത്തിയിട്ടുണ്ട്. ‘റദ്ദു സദീദ് ലി അനൂദില്‍ ജദീദ്’ എന്ന കൃതി ഈമാന്‍, കുഫ്ര്‍ എന്നിവക്ക് തെറ്റായി വ്യാഖാനം നല്‍കിയവര്‍ക്കുള്ള മറുപടിയാണ്. പതിനാറ് അധ്യായങ്ങളിയായി വിശ്വാസത്തെയും അവിശ്വാസത്തെയും കുറിച്ചുള്ള മതത്തിന്റെ യഥാര്‍ഥ പാഠങ്ങള്‍ പരമ്പരാഗത ഉലമാക്കളുടെ ഉദ്ധരണികള്‍ ചേര്‍ത്തും വിശദീകരിച്ചും അദ്ദേഹം ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. അബൂബക്കര്‍ സിദ്ധീഖ് (റ), ഉമര്‍ (റ) എന്നിവരുടെ ജീവിതവും മഹത്വവും പറയുന്ന കൃതിയില്‍ എങ്ങനെയാണ് റസൂല്‍ (സ്വ)ക്കു താങ്ങും തണലുമായി കഴിഞ്ഞു ഇസ്‌ലാമിക ചരിത്രത്തിലെ പ്രബലരായി മാറിയതെന്ന് നിരീക്ഷിക്കുന്നു. ‘ഹാശിയതുന്‍ അലാ സ്വഹീഹില്‍ ബുഖാരി ‘ എന്ന ഗ്രന്ഥം ഇമാം ബുഖാരിയുടെ വിഖ്യാത ഹദീസ് കിതാബിനുള്ള വിശദീകരണമാണ്. വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥത എങ്ങനെയൊക്കെ മുഴച്ചുനില്‍ക്കണം എന്ന് സൂചിപ്പിച്ച്, ‘എല്ലാ കര്‍മങ്ങള്‍ക്കും നിയ്യത് നന്നാവണം’ എന്ന ആശയം വരുന്ന സ്വഹീഹായ ഹദീസിനെ വിശദീകരിച്ചു ഒരു ഗ്രന്ഥം തന്നെ എഴുതിയിട്ടുണ്ടദ്ദേഹം.

‘വഹാബികളുടെ ശല്യങ്ങള്‍’ എന്ന അറബിയിലെഴുതിയ പുസ്തകം ശ്രദ്ധേയമാണ്. യഥാര്‍ഥത്തില്‍ വലിയുപ്പ അഹ്മദ് റസാഖാന്‍ ബറേല്‍വി രചന നടത്തിയ മൂലകൃതിക്കു കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കി, പ്രൗഢമായി മുസ്‌ലിം ലോകത്തിനു സമകാലികമായി ആശ്രയിക്കാന്‍ പറ്റുന്ന വിധത്തിലേക്ക് മാറ്റുകയായിരുന്നു അദ്ദേഹം. എങ്ങനെയാണ് സലഫി ആശയങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ നിദാനമായതെന്നും ഇസ്‌ലാമിന്റെ യഥാര്‍ഥ ധാരയില്‍ നിന്ന് ഭിന്നിച്ചു നില്‍ക്കുന്നുവെന്നും ഈ ഗ്രന്ഥം വിശദമാക്കുന്നു. തുര്‍ക്കിയില്‍ നിന്ന് അച്ചടിച്ച പുസ്തകം ലോകം മുഴുവന്‍ സജീവമായി വായിക്കപ്പെടുന്നു.

മുഹമ്മദ് നബി(സ്വ), മറ്റു ശ്രേഷ്ഠരായ അമ്പിയാക്കള്‍ തുടങ്ങിയ വിഷയങ്ങളിലും കുറെയധികം രചനകള്‍ നടത്തിയിട്ടുണ്ട്. നബിയുടെ ഹിജ്‌റയും ചരിത്രവസ്തുതകളും സംബന്ധിച്ച് ഉറുദുവില്‍ എഴുതിയ പുസ്തകമാണ് ഹിജ്‌റത്തി റസൂല്‍.

അസ്ഹരി മിയയുടെ വിയോഗം ഇന്ത്യയിലെ സുന്നത്ത് ജമാഅത്തിന് വലിയ നഷ്ടമാണ്. ബറേല്‍വി എന്ന ദേശത്തിന്റെ, അറിവിന്റെയും ആത്മീയതയുടെയും ഒരു സുവര്‍ണ ദശയാണ് അവസാനിച്ചത്. മഹാനവറുകളുടെ ജനാസ നിസ്‌കാരത്തില്‍ പത്ത് ലക്ഷം വിശ്വാസികള്‍ സംബന്ധിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തത്.

കാന്തപുരം ഉസ്താദിന് വളരെയേറെ പ്രിയപ്പെട്ട പണ്ഡിതനായിരുന്നു അദ്ദേഹം. ഉസ്താദിനെ ബറേലിയിലെ സ്ഥാപനത്തിലേക്കു നിരവധി തവണ അതിഥിയായി ക്ഷണിച്ചിട്ടുണ്ട്. ഉസ്താദിന്റെ പ്രവര്‍ത്തനം ദക്ഷിണേന്ത്യയുടെ മധ്യേ നിന്നായപ്പോള്‍ ഉത്തരേന്ത്യയുടെ നെറുകെയില്‍ നിന്ന് അദ്ദേഹം അറിവിന്റെ വിപുലീകരണത്തിനായി പ്രവര്‍ത്തിച്ചു. സുന്നത്ത് ജമാഅത്തിന്റെ ശാക്തീകരണത്തിനും ബിദഇകളെ ചെറുക്കുന്നതിനും രണ്ടിടങ്ങളില്‍ നിന്നുള്ള ആത്മീയ കേന്ദ്രിതമായ പ്രവര്‍ത്തന രീതികള്‍ വലിയ തോതില്‍ സഹായകമായിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും ഖബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥന നടത്തുകയും ചെയ്തു ഉസ്താദ്.

ഉന്നത ശീര്‍ഷരായ പണ്ഡിതനായ മഹാനൊപ്പം പാരത്രിക ലോകത്ത് അല്ലാഹു നമ്മെ ഒരുമിപ്പിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here